ജഡേജയും ആന്‍ഡേഴ്സണും കുറ്റക്കാരല്ല

രവീന്ദ്ര ജഡേജ, ജയിംസ് ആന്‍ഡേഴ്സണ്‍, ഐസിസി
ലണ്ടണ്‍‍| VISHNU.NL| Last Updated: ശനി, 2 ഓഗസ്റ്റ് 2014 (11:48 IST)
ഇന്ത്യ - ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ വാക്കേറ്റത്തിലേര്‍പ്പെട്ട ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയും ഇംഗ്ലണ്ട് താരം ജയിംസ് ആന്‍ഡേഴ്സണും കുറ്റക്കാരല്ലെന്ന് ഐസിസി ജുഡീഷ്യല്‍ കമ്മീഷന്‍ കണ്ടെത്തി. ട്രെന്‍ഡ് ബ്രിഡ്ജില്‍ നടന്ന ഒന്നാം ടെസ്റ്റിനിടെ പരസ്പരം പ്രകോപനപരമായി പെരുമാറിയെന്ന് ആരോപണമുയര്‍ന്നതിനെത്തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ ഗോര്‍ഡന്‍ ലൂയിസിന്റെ നേതൃത്വത്തിലുള്ള ഐസിസി ജുഡീഷ്യല്‍ കമ്മീഷണര്‍ വെള്ളിയാഴ്ച തെളിവെടുപ്പ് നടത്തിയത്.

വീഡിയോ കോണ്‍ഫറന്‍സിലൂടെ ആറ് മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ജഡേജയ്ക്കും ആന്‍ഡേഴ്‌സണും അനുകൂലമായി കമ്മീഷന്‍ വിധി പ്രഖ്യാപിച്ചത്. ഐസിസി പെരുമാറ്റച്ചട്ടം ലംഘിക്കാത്തതിനാല്‍ രണ്ടുപേര്‍ക്കും നാലാം ടെസ്റ്റില്‍ കളിക്കാം. ജഡേജയ്ക്കുമേല്‍ ആദ്യം ചുമത്തിയിരുന്ന അന്‍പത് ശതമാനം മാച്ച് ഫീ പിഴ പിന്‍വലിച്ചു.

സാക്ഷികളായി ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും ചില കളിക്കാരെ വിസ്തരിച്ച കമ്മീഷന്‍ ആ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച ശേഷമാണ് തീരുമാനത്തിലെത്തിയതെന്ന് ഐസിസി അധികൃതര്‍ വ്യക്തമാക്കി. ആന്‍ഡേഴ്‌സണെതിരെ മത്സരവിലക്കിനുവരെ സാധ്യതയുള്ള 'ലെവല്‍ ത്രീ' കുറ്റമായിരുന്നു ചുമത്തിയിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :