പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോൾ കൂടെ നിന്നത് അവൾ മാത്രമാണ്, പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം ഭാര്യയ്ക്ക് സമർപ്പിച്ച് രവീന്ദ്ര ജഡേജ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 19 ഫെബ്രുവരി 2024 (13:57 IST)
ഇംഗ്ലണ്ടിനെതിരായ രാജ്‌കോട്ട് ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറിയും അഞ്ച് വിക്കറ്റ് പ്രകടനവും കൊണ്ട് മത്സരത്തിലെ താരമായ രവീന്ദ്ര ജഡേജ തനിക്ക് കിട്ടിയ പ്ലെയര്‍ ഓഫ് മാച്ച് പുരസ്‌കാരം സമര്‍പ്പിച്ചത് ഭാര്യയായ റിവാബ ജഡേജയ്ക്ക്. മത്സരശേഷം നടന്ന സമ്മാനദാനചടങ്ങിലാണ് പുരസ്‌കാരം ഭാര്യയ്ക്ക് സമര്‍പ്പിക്കുന്നതായി ജഡേജ വ്യക്തമാക്കിയത്.

എനിക്ക് ലഭിച്ച ഈ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ഏറെ സ്‌പെഷ്യലാണ്. എന്റെ കരിയറിലുടനീളം എനിക്ക് വേണ്ടി കഠിനാധ്വാനം ചെയ്ത് കൂടെ നില്‍ക്കുന്നതും ആത്മവിശ്വാസം നല്‍കുന്നതും അവളാണ്. അതിനാല്‍ തന്നെ ഈ പുരസ്‌കാരം ഞാന്‍ എന്റെ ഭാര്യയ്ക്ക് സമര്‍പ്പിക്കുന്നു. ജഡേജ പറഞ്ഞു. മത്സരത്തിലെ ആദ്യ ഇന്നിങ്ങ്‌സില്‍ ഇന്ത്യ 33ന് 3 എന്ന നിലയില്‍ പതറിയപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം നിര്‍ണായകമായ കൂട്ടുക്കെട്ട് സൃഷ്ടിക്കാന്‍ ജഡേജയ്ക്കായിരുന്നു.

പിച്ചിനെ പറ്റി തനിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നതായി ജഡേജ പറയുന്നു. ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്ക് അനുകൂലമാണ് ഈ പിച്ച്. രണ്ടാം ഇന്നിങ്ങ്‌സ് മുതല്‍ പന്ത് തിരിഞ്ഞു തുടങ്ങും. അതിനാല്‍ തന്നെ ടോസ് നേടുകയായിരുന്നു പ്രധാനം. ഈ പിച്ചില്‍ അനായാസം വിക്കറ്റ് നേടാനാവില്ലെന്ന് എനിക്കറിയാമായിരുന്നു. അതിനായി കഠിനമായി പ്രയത്‌നിക്കണം. വിക്കറ്റ് നേടണം. അതായിരുന്നു ഞങ്ങള്‍ ചെയ്തത്. ജഡേജ പറയുന്നു. അതേസമയം ബിജെപി എം എല്‍ എ കൂടിയായ ഭാര്യ റിവാബ ജഡേജയ്‌ക്കെതിരെ കഴിഞ്ഞ ദിവസം ജഡേജയുടെ പിതാവായ അനിരുദ്ധ് സിങ്ങ് കടുത്ത ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു.
Ravindra Jadeja,Rivaba Jadeja,Ayodhya Pran Prathishtha

മരുമകളായ റിവാബ ജഡേജയാണ് തന്റെ കുടുംബത്തിലെ എല്ലാ കലഹങ്ങള്‍ക്കും കാരണമെന്നും മകനുമായുള്ള എല്ലാ ബന്ധങ്ങളും താന്‍ അവസാനിപ്പിച്ചുവെന്നും തന്റെ പേരകുട്ടിയെ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും അനിരുദ്ധ് സിങ് പറഞ്ഞിരുന്നു. ജഡേജയെ മയക്കാന്‍ എന്ത് തന്ത്രമാണ് റിവാബ പ്രയോഗിച്ചതെന്ന് തനിക്കറിയില്ലെന്നും അനിരുദ്ധ് സിങ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം താരം ഭാര്യയ്ക്ക് സമര്‍പ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :