വിജയത്തിനായി ഒന്ന് ശ്രമിക്കുക പോലും ചെയ്തില്ല, ടീം മീറ്റിംഗിൽ ധോനിക്കെതിരെ ശാസ്ത്രി പൊട്ടിത്തെറിച്ചു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 23 ജനുവരി 2023 (19:17 IST)
ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനും ഫിനിഷറുമാണ് എം എസ് ധോനി. എന്നാൽ ക്രിക്കറ്റിൽ എം എസ് ധോനിക്ക് അവസാനിപ്പിക്കാൻ സാധിക്കാതിരുന്ന നിരവധി മത്സരങ്ങളുണ്ട്. അത്തരത്തിലൊന്നായിരുന്നു 2018ലെ ഇംഗ്ലണ്ട് പര്യടനത്തിലെ ഏകദിനപരമ്പരയിലെ രണ്ടാം മത്സരം. ആദ്യ മത്സരം വിജയിച്ച് പരമ്പരയിൽ 1-0ന് മുന്നിലായിരുന്നു ഇന്ത്യ. എന്നാൽ രണ്ടാം മത്സരത്തിൽ ഫിനിഷറായ എം എസ് ധോനി ക്രീസിലുണ്ടായിട്ടും പരാജയപ്പെട്ടു. ഈ മത്സരത്തിന് ശേഷം ഇന്ത്യൻ ടീമിൽ സംഭവിച്ച കാര്യങ്ങൾ തൻ്റെ പുസ്തകത്തിൽ പരാമർശിച്ചിരിക്കുകയാണ് ഇന്ത്യൻ ടീമിൻ്റെ മുൻ ഫീൽഡിങ്ങ് പരിശീലകനായിരുന്ന ശ്രീധർ.

രണ്ടാം ഏകദിനത്തിൽ ജോ റൂട്ടിൻ്റെ സെഞ്ചുറിയുടെ മികവിൽ ഇംഗ്ലണ്ട് ആഞ്ഞടിച്ച് 322 റൺസ് നേടി. സുരേഷ് റെയ്നയും വിരാട് കോലിയും ബാറ്റ് ചെയ്യവെ വിജയപ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഇരുവരും തുടരെ പുറത്തായത് ഇന്ത്യയുടെ വിജയപ്രതീക്ഷയെ ബാധിച്ചു. പിന്നാലെ ഹാർദ്ദിക് പാണ്ഡ്യയും 21 റൺസിന് പുറത്തായി. അവസാന 11 ഓവറിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ 133 റൺസ് വേണമെന്ന ഘട്ടത്തിൽ ക്രീസിലുണ്ടായിരുന്നു എം എസ് ധോനിയാകട്ടെ വമ്പൻ ഷോട്ടുകൾക്ക് ശ്രമം പോലും നടത്തിയില്ല.

വാലറ്റക്കാരാണ് മറുവശത്ത് എന്നതിനാൽ സിംഗിളുകൾ നൽകാനും ധോനിക്കായില്ല. അവസാന ആറ് ഓവറിൽ വെറും 20 റൺസ് മാത്രമാണ് ഇന്ത്യ നേടിയത്. 59 പന്തിൽ ധോനി 37 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യ 47 ഓവറിൽ 236 റൺസിന് പുറത്താകുകയും ചെയ്തു. എന്നാൽ മത്സരത്തിൽ വിജയിക്കാനായി ഒരു ശ്രമം പോലും നടത്താതിരുന്ന ധോനിക്കെതിരെ മൂന്നാം ഏകദിനത്തിന് തൊട്ട് മുൻപുള്ള മീറ്റിംഗിൽ ശാസ്ത്രി പൊട്ടിത്തെറിക്കുകയായിരുന്നു.

നിങ്ങളിൽ ആരിത് ചെയ്താലും ശരി. ഇത് അംഗീകരിക്കാനാവില്ല. വിജയിക്കാനായി ഒന്ന് ശ്രമിക്കാൻ പോലും മെനക്കെടാതെ തോൽക്കുന്നത് ഞാൻ പരിശീലകനാകുമ്പോൾ നടക്കില്ല. അങ്ങനെ ചെയ്യുന്നവർ ആരായാലും ഞാൻ കോച്ചായിരിക്കുമ്പോൾ എൻ്റെ ടീമിൽ ഉണ്ടാകില്ല. ശാസ്ത്രി തുറന്നടിച്ചു. ടീം മീറ്റിംഗിൽ എല്ലാവരോടുമായാണ് പറഞ്ഞതെങ്കിലും ധോനിയുടെ മുഖത്ത് നിന്ന് കണ്ണെടൂക്കാതെയായിരുന്നു ശാസ്ത്രി ഇത് പറഞ്ഞത്. ഇന്ത്യയുടെ മുൻ ഫീൽഡിംഗ് പരിശീലകനായ ശ്രീധറിൻ്റെ പുസ്തകത്തിലാണ് ഈ വിവരങ്ങളുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :