അൽക്ക റോഷൻ|
Last Modified ബുധന്‍, 9 ഒക്‌ടോബര്‍ 2019 (14:23 IST)
വിശാഖപട്ടണത്ത് ഓപ്പണറായി അരങ്ങേറ്റം നടത്തി ആദ്യ രണ്ട് ഇന്നിംഗ്സിലും സെഞ്ച്വറി അടിച്ച് തനിക്കുണ്ടായിരുന്ന പേരുദോഷമെല്ലാം മാറ്റിയിരിക്കുകയാണ്
ഹിറ്റ്‌മാൻ രോഹിത് ശർമ. പരിമിത ഓവര്‍ ക്രിക്കറ്റില്‍ രോഹിത് കേമനാണ്. എന്നാൽ, ടെസ്റ്റ് ക്രിക്കറ്റിനു അനുയോജ്യമല്ലെന്ന് പലയാവർത്തി ക്രിക്കറ്റ് ലോകം രോഹിതിനു മേൽ ആരോപണമുന്നയിച്ചിരുന്നു.
എന്തായാലും ഈ പേരുദോഷം ഹിറ്റ്മാന്‍ മാറ്റി. ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ തുടരെ രണ്ടു സെഞ്ചുറികളാണ് രോഹിത് കണ്ടെത്തിയത്. ഇതോടെ ദീര്‍ഘകാലം ഇന്ത്യയെ അലട്ടിയ ടെസ്റ്റ് ഓപ്പണര്‍ പദവിക്കും അറുതിയായി.
രോഹിത് ശര്‍മ്മയില്‍ പൂര്‍ണ വിശ്വാസം അർപ്പിച്ചിരിക്കുകയാണ് ടീം മാനേജ്‌മെന്റ് ഇപ്പോൾ. പരിശീലകന്‍ രവി ശാസ്ത്രിയുടെ ഇപ്പോഴത്തെ ഹീറോ രോഹിത് ആണ്. നൂറ് നാവാണ് ശാസ്ത്രിക്ക് ഹിറ്റ്മാനെ കുറിച്ച് പറയുമ്പോൾ. എന്നാൽ, ഇങ്ങനെയായിരുന്നില്ല കഴിഞ്ഞ കരീബിയൻ പര്യടനത്തിൽ രോഹിതിന്റെ അവസ്ഥ.
കരീബിയന്‍ പര്യടനത്തില്‍ സൈഡ് ബെഞ്ചിലായിരുന്നു രോഹിത്തിന് സ്ഥാനം. അന്നു രോഹിത്തിനെ ഇറക്കാന്‍ വിരാട് കോലി കൂട്ടാക്കിയില്ല. രോഹിതിന്റെ പുറത്തിരുത്തി ടെസ്റ്റ് പരമ്പരയില്‍ ഉടനീളം കെഎല്‍ രാഹുലിനെ കോഹ്ലി പരീക്ഷിച്ചു. ടീം തുടരെ പരാജയം രുചിച്ചു.
രോഹിത്തിനെ പോലൊരു താരം സൈഡ് ബെഞ്ചിലിരിക്കുന്നത് കണ്ടുനില്‍ക്കാനാവില്ലെന്നാണ് സംഭവത്തില്‍ രവി ശാസ്ത്രിയുടെ പക്ഷം. ഇക്കാര്യം നായകന്‍ വിരാട് കോലിയോടും താന്‍ പറഞ്ഞിട്ടുള്ളതായി ശാസ്ത്രി അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
വ്യാഴാഴ്ച്ച ഇന്ത്യ – ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് മത്സരം പൂനെയില്‍ ആരംഭിക്കാനിരിക്കുമ്പോൾ പ്രതീക്ഷകളെല്ലാം രോഹിതിനു മേൽ ആണ്. വിശാഖപട്ടണത്തെ മികവ് ആവര്‍ത്തിക്കാന്‍ താരത്തിന് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.