ഹെറ്റ്‌മെയർക്ക് പകരമാരെത്തും? പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാൻ രാജസ്ഥാൻ ഇന്നിറങ്ങുന്നു

അഭിറാം മനോഹർ| Last Modified ബുധന്‍, 11 മെയ് 2022 (14:46 IST)
പ്ലേ ഓഫ് ഉറപ്പിക്കാൻ രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങുന്നു. ഡൽഹി ക്യാപ്പിറ്റൽസാണ് രാജസ്ഥാന്റെ എതിരാളി. 11 മത്സരങ്ങളില്‍ 14 പോയിന്റുള്ള സഞ്ജുവും സംഘവും പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. 10 പോയന്റുള്ള ഡൽഹി അഞ്ചാം സ്ഥാനത്താണ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവർക്കും 10 പോയിന്റുകളാണുള്ളത്. അതിനാൽ തന്നെ പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഡൽഹിയ്ക്ക് ഇന്ന് വിജയം അനിവാര്യമാണ്. പൃഥ്വി ഷായുടെ അസാന്നിധ്യത്തിൽ ഡേവിഡ് വാർണറെ അമിതമായി ഡൽഹിക്ക് ആശ്രയിക്കേണ്ടിവരുന്നുണ്ട്. കുൽദീപ് ഒഴി‌കെയുള്ള ബൗളർമാരുടെ പ്രകടനത്തിലും ഡൽഹിക്ക് ആശങ്കയുണ്ട്.

അതേസമയം സ‌ന്തുലിതമായ ടീമാണ് പേപ്പറിലെങ്കിലും ജോസ് ബട്ട്‌ലറെ രാജസ്ഥാൻ അമിതമായി ആശ്രയിക്കുന്നുണ്ട്. ഫിനിഷിങ് മികവിലൂടെ പല കളികളിലും ടീമിനെ വിജയത്തിലേക്ക് നയിച്ച വിൻഡീസ് താരം ഷി‌മ്രോൺ ഹെറ്റ്‌മെയറുടെ അസാനിധ്യം രാജസ്ഥാന് തിരിച്ചടിയാണ്. ബൗളിങ്ങിൽ സ്പിന്നിലും ഫാസ്റ്റ് ബൗളിങ്ങിലുമുള്ള വൈവിധ്യമാണ് സഞ്ജുവിന്റെ കരുത്ത്. ഹെ‌റ്റ്‌മെയർക്ക് പകരം റാസി വാൻ ഡർ ഡസ്സനോ ജിമ്മി നീഷാമോ വരാനാണ് സാധ്യതയധികവും.

സീസണിലെ ആദ്യ മത്സരത്തിൽ 15 റണ്‍സിന് ഡല്‍ഹിയെ തോല്‍പിച്ചിരുന്നു. ഡല്‍ഹിയും രാജസ്ഥാനും 25 മത്സരങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. രാജസ്ഥാന്‍ 13 കളിയിലും ഡല്‍ഹി 12 കളിയിലും ജയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :