എല്ലാവരും ധോണിയെക്കുറിച്ച് മാത്രം സംസാരിയ്ക്കുന്നു, റെയ്നയുടെ സംഭാവനകൾ എണ്ണിപ്പറഞ്ഞ് രാഹുൽ ദ്രാവിഡ്

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 19 ഓഗസ്റ്റ് 2020 (14:09 IST)
ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് ഒരു ഇൻസ്റ്റഗ്രാം വിഡിയോയിലൂടെയായിരുന്നു ധോണിയുടെ വിരമിക്കൽ പ്രഖ്യാപനം. തൊട്ടുപിന്നാലെ സുരേഷ് റെയ്നയും അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നും തന്റെ വിരമിക്കൽ പ്രഖ്യാപിച്ചു. ധോണിയ്ക്കൊപ്പം തന്നെ വിരമിക്കൽ പ്രഖ്യാപിച്ചതോടെ റെയ്ന ഇന്ത്യയ്ക്ക് നൽകിയ സംഭാവനകൾ അത്ര ചർച്ച ചെയ്യപ്പെടുന്നില്ല എന്ന് ആക്ഷേപം ഉയരുന്നുണ്ട്. എല്ലാവരും ധോണിയെ കുറിച്ച് മാത്രം സംസാരിയ്ക്കുമ്പോൾ ടീം ഇന്ത്യയ്ക്ക് നൽകിയ സംഭാവനകൾ എണ്ണിപ്പറഞ്ഞ് രാഹുൽ ദ്രാവിഡ്.

റെയ്‌ന ഇന്ത്യൻ ടീമിലെ സുപ്രധാന താരമായി മാറുമെന്ന് എനിക്ക് അന്നേ വിശ്വാസമുണ്ടായിരുന്നു. അത് ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഇന്ത്യയുടെ അവിസ്മരണീയ വിജയങ്ങളില്‍ പലതിലും റെയ്‌നയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങള്‍ സ്വന്തമാക്കിയ താരമാണ് റെയ്‌ന. ബാറ്റ്സ്‌മാൻ എന്ന നിലയിൽ മാത്രമല്ല ഫീല്‍ഡില്‍ അദ്ദേഹത്തിന്റെ സംഭാവന വളരെ വലുതായിരുന്നു.

റെയ്ന കളിക്കളത്തില്‍ പുറത്തെടുക്കുന്ന ഫീല്‍ഡിംഗ് നിലവാരം അസാമാന്യമായിരുന്നു. കുറച്ചുകൂടി മുകളിലുള്ള ബാറ്റിങ് ഓർഡറിൽ ഇറങ്ങാനായിരുന്നു എങ്കിൽ കരിയറില്‍ ഇതിനേക്കാള്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാൻ റെയ്നയ്ക്ക് സാധിയ്ക്കുമായിരുന്നു. ഐപിഎല്ലില്‍ ചെന്നൈക്കായി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുമ്പോള്‍ നമ്മളത് കണ്ടതാണ്. ടീം ഇന്ത്യയ്ക്കായി എപ്പോഴും റിസ്‌കെടുത്തിരുന്ന താരമാണ് റെയ്‌ന. ദ്രാവിഡ് പറഞ്ഞു. 2004-2005 കാലഘട്ടത്തില്‍ രാഹുല്‍ ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിയിലാണ് റെയ്‌ന ഇന്ത്യന്‍ ടീമിലെത്തുന്നത്. അണ്ടര്‍ 19 ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് റെയ്‌നയെ ഇന്ത്യന്‍ ടീമിലെത്തിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :