രേണുക വേണു|
Last Modified തിങ്കള്‍, 29 നവംബര്‍ 2021 (18:38 IST)
വിരാട് കോലി ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുമ്പോള്‍ മോശം ഫോമിലുള്ള അജിങ്ക്യ രഹാനെ ടീമിന് പുറത്തിരിക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ പ്രതികരണവുമായി രഹാനെ. കോലി അടുത്ത കളിയില്‍ ഉണ്ടാകുമെന്ന് രഹാനെ പറഞ്ഞു. 'മുംബൈ ടെസ്റ്റിനായി കാത്തിരിക്കാം. മറ്റ് കമന്റുകളൊന്നും ഞാന്‍ പറയുന്നില്ല. മാനേജ്‌മെന്റ് എല്ലാ തീരുമാനങ്ങളും എടുക്കും,' രഹാനെ പറഞ്ഞു.
അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ മികച്ച പ്രകടനം നടത്തിയ ശ്രേയസ് അയ്യരെ മുംബൈ ടെസ്റ്റിലും നിലനിര്‍ത്താനാണ് ഇന്ത്യയുടെ തീരുമാനം. അങ്ങനെ വന്നാല്‍ കോലി തിരിച്ചെത്തുമ്പോള്‍ നിലവിലെ ടീമില്‍ നിന്ന് ഒരു ബാറ്റര്‍ പുറത്തിരിക്കേണ്ടിവരും. രഹാനെയും ചേതേശ്വര്‍ പൂജാരയുമാണ് റെഡ് ലിസ്റ്റില്‍ ഉള്ളത്. ഇതില്‍ രഹാനെയുടെ ഫോം വലിയ ചര്‍ച്ചയായിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ശരാശരിയില്‍ താഴ്ന്ന പ്രകടനമാണ് രഹാനെ നടത്തിയിരിക്കുന്നത്. അതിനാല്‍ രഹാനെയെ മുംബൈ ടെസ്റ്റില്‍ കളിപ്പിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടയിലാണ് രഹാനെയുടെ പ്രതികരണം.