അഭിറാം മനോഹർ|
Last Updated:
ബുധന്‍, 11 സെപ്‌റ്റംബര്‍ 2024 (12:53 IST)
പാരീസ് ഒളിമ്പിക്‌സില്‍ മെഡല്‍ നഷ്ടമായ സംഭവത്തില്‍ ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷനില്‍ നിന്നോ പി ടി ഉഷയില്‍ നിന്നോ ഒരു പിന്തുണയും തനിക്ക് ലഭിച്ചില്ലെന്ന് മുന്‍ ഒളിമ്പിക് ഗുസ്തി താരവും കോണ്‍ഗ്രസ് നേതാവുമായ വിനേഷ് ഫോഗാട്ട്. പാരീസ് ഒളിമ്പിക്‌സില്‍ 100 ഗ്രാം അധികഭാരത്തിന്റെ പേരില്‍ പുറത്താക്കപ്പെട്ട വിനേഷ് ഭാരം കുറയ്ക്കാന്‍ അധികമായി വ്യായാമം ചെയ്തതിന്റെ ഫലമായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു. ആശുപത്രിയില്‍ വിനേഷിനെ സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റായ പിടി ഉഷ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
അജിത് അഞ്ജുമുമായുള്ള അഭിമുഖത്തിലാണ് ഗുസ്തിയിലെ രാഷ്ട്രീയത്തില്‍ തനിക്ക് മനസ് മടുത്തെന്നും എന്തുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ തീരുമാനിച്ചതെന്നും വിനേഷ് വ്യക്തമാക്കിയത്. എന്ത് പിന്തുണയാണ് എനിക്ക് അവിടെ ലഭിച്ചതെന്ന് എനിക്കറിയില്ല. പി ടി ഉഷ മാഡം എന്നെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. രാഷ്ട്രീയത്തില്‍ ഒരുപാട് കാര്യങ്ങള്‍ അടച്ചിട്ട വാതിലുകള്‍ക്കുള്ളില്‍ നടക്കാറുണ്ട്. അത് തന്നെ പാരീസിലും സംഭവിച്ചു. ഞാന്‍ തകര്‍ന്നുപോയി. ആളുകള്‍ പറയുന്നു ഗുസ്തി അവസാനിപ്പിക്കരുത് തുടരണമെന്ന്. എന്നാല്‍ എല്ലായിടത്തും രാഷ്ട്രീയമാണ്. പി ടി ഉഷ സമ്മതമില്ലാതെയാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. എന്റെയൊപ്പം ചിത്രമെടുത്ത കാര്യം അറിയില്ലായിരുന്നു.
നിങ്ങള്‍ ആശുപത്രി കിടക്കയിലാണ്. പുറത്ത് എന്ത് നടക്കുന്നുവെന്ന് നിങ്ങള്‍ക്കറിയില്ല. ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്നുപോകുന്നത്. ആ സമയത്ത് നിങ്ങള്‍ക്കൊപ്പമുണ്ടെന്ന് കാണീക്കാന്‍ വേണ്ടി മാത്രം ഫോട്ടൊ എടുക്കുകയും അനുവാദമില്ലാതെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നിട്ട് ഒപ്പമുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ പറയുന്നു. ഇങ്ങനെയാണോ പിന്തുണ നല്‍കേണ്ടത്. പിടി ഉഷയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് വിനേഷ് പറഞ്ഞു.