അഭിറാം മനോഹർ|
Last Updated:
ശനി, 22 ഫെബ്രുവരി 2020 (16:27 IST)
ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ
ടി20 മത്സരത്തിൽ ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്തിനും വാർണർക്കുമെതിരെ പ്രതിഷേധവുമായി ദക്ഷിണാഫ്രിക്കൻ ആരാധകർ. 2018ൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലെ പന്ത് ചുരുണ്ടൽ വിവാദത്തിൽ അകപ്പെട്ട ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാർണറെയും ലക്ഷ്യം വെച്ചാണ് ദക്ഷിണാഫ്രിക്കൻ ആരാധകർ ബാനറുകളുമായി സ്റ്റേഡിയത്തിൽ എത്തിയത്.
സാൻഡ് പേപ്പറുകൾ വിൽപ്പനക്ക് എന്നെഴുതിയ ബാനറുകളുമായാണ് ആരാധകരിൽ പലരും ഇത്തവണ ഗാലറിയിൽ എത്തിയത്. സ്റ്റേഡിയത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഇത്തരം ബാനറുകൾ മത്സരത്തിനിടയിൽ കാണാമായിരുന്നു. എന്നാൽ സംഭവുമായി ബന്ധപ്പെട്ട് ഇരു ടീമുകളും ഇതുവരെയും പ്രതികരണം നൽകാൻ തയ്യാറായിട്ടില്ല.
2018ലാണ് ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം നാണക്കേടിൽ ആഴ്ത്തിയ പന്ത് ചുരുണ്ടൽ വിവാദം ഉണ്ടായത്. ഇതിനെ തുടർന്ന് സ്റ്റീവ് സ്മിത്തിന് ഓസീസ് നായകത്വം നഷ്ടപ്പെടുകയും സ്മിത്ത്,വാർണർ,ബാൻ ക്രോഫ്‌റ്റ് എന്നിവർക്ക് വിലക്ക് ലഭിക്കുകയും ചെയ്‌തിരുന്നു.വിലക്ക് മാറി സ്മിത്ത് ഡേവിഡ്
വാർണർ എന്നിവർ ടീമിൽ മടങ്ങിയെത്തിയെങ്കിലും ലോകകപ്പ് ഉൾപ്പടെയുള്ള പല മത്സരങ്ങളിലും താരങ്ങൾക്കെതിരെ പ്രതിഷേധങ്ങളുമായി ആരാധകർ രംഗത്തെത്തിയിരുന്നു.