അഭിറാം മനോഹർ|
Last Modified ചൊവ്വ, 1 ഓഗസ്റ്റ് 2023 (16:19 IST)
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിനപരമ്പരയിലെ നിര്‍ണായകമായ മത്സരത്തിന്
ഇന്ത്യ ഇന്നിറങ്ങുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുരാജ്യങ്ങളും ഓരോ മത്സരങ്ങള്‍ ജയിച്ചുകഴിഞ്ഞു. അതിനാല്‍ പരമ്പര സ്വന്തമാക്കണമെങ്കില്‍ ഇന്ത്യയ്ക്കിന്ന് വിജയിച്ചേ പറ്റു. ഈ സാഹചര്യത്തില്‍ കഴിഞ്ഞ മത്സരത്തില്‍ മാറിനിന്ന ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ടീമില്‍ തിരിച്ചെത്തിയേക്കും. സൂപ്പര്‍ താരമായ വിരാട് കോലിക്ക് ടീം വിശ്രമം അനുവദിക്കുമെന്നാണ് കരുതുന്നത്.
രണ്ടാം ഏകദിനത്തിന് ശേഷം ബാര്‍ബഡോസില്‍ നിന്നും ഇന്ത്യന്‍ ടീമിനൊപ്പം കോലി എത്തിയിരുന്നില്ല. വൈകി ടീമിനൊപ്പം ചേര്‍ന്ന കോലി ഇന്ന് കളിക്കാന്‍ സാധ്യത കുറവാണ്. രോഹിത് തിരിച്ചെത്തുന്നതോടെ രോഹിത്തും ഗില്ലുമാകും ഇന്ത്യയുടെ ഓപ്പണര്‍മാര്‍. മൂന്നാം സ്ഥാനത്ത് ഇഷാന്‍ കിഷനും നാലാമതോ അഞ്ചാമതോ ആയി മലയാളി താരം സഞ്ജു സാംസണും ടീമില്‍ തുടര്‍ന്നേക്കും. ഏകദിനത്തില്‍ തുടര്‍പരാജയമായ സൂര്യകുമാറും ടീമില്‍ ഇടം പിടിക്കും. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ കുല്‍ദീപ് യാദവും യൂസ്വേന്ദ്ര ചാഹലും ടീമില്‍ ഇടം നേടിയേക്കും. രവീന്ദ്ര ജഡേജയുടെ സ്ഥാനത്ത് അക്‌സര്‍ പട്ടേലാകും കളത്തിലിറങ്ങുക.