സ്പിൻ പേടിയിൽ പാകിസ്ഥാൻ, ലോകകപ്പിൽ അഫ്‌ഗാനെതിരായ മത്സരം ചെന്നൈയിൽ നിന്നും മാറ്റണമെന്ന് ആവശ്യം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 19 ജൂണ്‍ 2023 (15:47 IST)
ഈ വർഷം ഒക്ടോബർ -നവംബർ മാസങ്ങളിലായി ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തിന്റെ വേദിയായി ചെന്നൈയെ തീരുമാനിച്ചതിൽ പാകിസ്ഥാന് അതൃപ്തിയെന്ന് റിപ്പോർട്ട്.അതുപോലെ തന്നെ ഓസീസ് -പാക് മത്സരവേദിയായി ബെംഗളൂരുവിനെ നിശ്ചയിച്ചതിലും പാകിസ്ഥാന് അതൃപ്തിയുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പരമ്പരാഗതമായി സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണ് ചെപ്പോക്കിലുള്ളത്. ഈ സാഹചര്യത്തിൽ അഫ്ഗാൻ സ്പിന്നർമാരായ റാഷിദ് ഖാൻ, നൂർ അഹമ്മദ് മുജീബ് ഉർ റഹ്‌മാൻ എന്നിവരെ നേരിടുക എന്നത് പാകിസ്ഥാന് കനത്ത വെല്ലുവിളിയാകും. ഇതാണ് വേദി മാറ്റാൻ ആവശ്യപ്പെടുന്നതിന് കാരണം. ബെംഗളൂരു ബാറ്റിങ് പറുദീസയാണെന്നുള്ളതും പാകിസ്ഥാന് വെല്ലുവിളിയാണ്. അതിനാൽ തന്നെ അഫ്‌ഗാനുമായുള്ള മത്സരം ബെംഗളുരുവിലേക്കും ഓസീസുമായുള്ള മത്സരം ചെന്നൈയിലേക്കും മാറ്റണമെന്നുമാണ് പാകിസ്ഥാന്റെ ആവശ്യം എന്നാണ് റിപ്പോർട്ടുകൾ.

നേരത്തെ 2016ൽ നടന്ന ടി 20 ലോകകപ്പിലെ മത്സരവേദികൾ ഇത്തരത്തിൽ മാറ്റിയിരുന്നു. എന്നാൽ മറ്റ് ടീമുകളുടെ സാധ്യതകൾ പരിഗണിച്ച്
കൊണ്ട് വേദികൾ മാറ്റുന്നതിനെ ഐസിസി പിന്തുണയ്ക്കാൻ സാധ്യതയില്ല. ചെന്നൈ,ബെംഗളൂരു എന്നിവയ്ക്ക് പുറമെ ഹൈദരാബാദ്,കൊൽക്കത്ത,അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് പാകിസ്ഥാന്റെ മറ്റ് മത്സരങ്ങൾ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :