രേണുക വേണു|
Last Modified വെള്ളി, 6 ജനുവരി 2023 (10:38 IST)
ഇന്ത്യ കളിച്ചില്ലെങ്കിലും 2023 ഏഷ്യാ കപ്പിന് തങ്ങള്‍ തന്നെ ആതിഥേയത്വം വഹിക്കുമെന്ന നിലപാടില്‍ പാക്കിസ്ഥാന്‍. സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിന് വേദിയാകേണ്ടത് പാക്കിസ്ഥാനാണ്. എന്നാല്‍ പാക്കിസ്ഥാനില്‍ കളി നടക്കുകയാണെങ്കില്‍ ഇന്ത്യയെ അയക്കേണ്ടതില്ലെന്ന നിലപാടിലാണ് ബിസിസിഐ.
കഴിഞ്ഞ രണ്ട് ഏഷ്യാ കപ്പ് പോരാട്ടങ്ങളും യുഎഇയിലാണ് നടന്നത്. ഇത്തവണയും യുഎഇയില്‍ തന്നെ നടക്കട്ടെ എന്ന നിലപാടിലാണ് ഇന്ത്യ. തങ്ങള്‍ക്ക് ഏഷ്യാ കപ്പ് നടത്താന്‍ ലഭിച്ച അവസരം വേണ്ടെന്നുവയ്ക്കില്ലെന്ന നിലപാടിലാണ് പാക്കിസ്ഥാന്‍.
അതേസമയം, നിഷ്പക്ഷ വേദി വേണമെന്ന് ആവശ്യപ്പെട്ട് ഒരു അപേക്ഷ നല്‍കാനാണ് ബിസിസിഐയുടെ തീരുമാനം. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അംഗീകരിച്ചാല്‍ പാക്കിസ്ഥാന് ആതിഥേയത്വം വഹിക്കാന്‍ സാധിക്കില്ല. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് കളിക്കാന്‍ തങ്ങള്‍ വരുന്നുണ്ടല്ലോ പിന്നെ എന്തുകൊണ്ട് ഇന്ത്യക്ക് പാക്കിസ്ഥാനില്‍ കളിക്കാന്‍ പറ്റുന്നില്ല എന്നാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചോദിക്കുന്നത്.
ഇരു ടീമുകളും തമ്മില്‍ വേദിയുടെ കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ 2023 ഏഷ്യാ കപ്പ് വേദി ഔദ്യോഗികമായി ഏഷ്യാ ക്രിക്കറ്റ് കൗണ്‍സില്‍ പ്രഖ്യാപിച്ചിട്ടില്ല.