അഭിറാം മനോഹർ|
Last Modified വെള്ളി, 12 നവംബര്‍ 2021 (21:08 IST)
ടി20 ലോകകപ്പിൽ ആരാധകർ ഏറെ പ്രതീക്ഷകൾ വെയ്‌ക്കാതിരുന്ന ടീമുകളായിരുന്നു ഓസ്ടേലിയയും പാകിസ്ഥാനും. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച പ്രകടനത്തോടെ ടൂർണമെന്റ് ഫേവറേറ്റുകളായി പാക് പട മാറിയപ്പോൾ പഴയ ഓസീസ് പ്രതാപത്തിന്റെ നിഴലിലായിരുന്നു മൈറ്റി ഓസീസ്. എന്നാൽ വലിയ ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുക എന്ന ശീലം ഇത്തവണയും ഓസീസ് തിരുത്തിയില്ല.
മാത്യൂ വെയ്‌ഡും വാർണറും മാർക്കസ് സ്റ്റോയിനിസും ഇത്തവണ പാകിസ്ഥാന്റെ പ്രതീക്ഷകൾ അപ്പാടെ തച്ചുടക്കുകയായിരുന്നു. എന്നാൽ
ഇതാദ്യമായല്ല പാകിസ്ഥാൻ സ്വപ്‌നങ്ങളുടെ ചിറക് ഓസീസ് അരിഞ്ഞുകളയുന്നത്. 2010 സെമിയിലായിരുന്നു ഇതിന് മുൻപ് പാകിസ്ഥാൻ ഓസീസിൽ നിന്നും അപ്രതീക്ഷിതമായ തോൽവി ഏറ്റുവാങ്ങിയത്.
191 റൺസ് പിന്തുടർന്ന ഓസീസിന് സയീദ് അജ്‌മലിന്‍റെ അവസാന ഓവറിൽ ജയിക്കാന്‍ വേണ്ടത് 18 റൺസായിരുന്നു.അന്ന് മൂന്ന് സിക്‌സും ഒരു ഫോറുമായി പാകിസ്ഥാൻ പ്രതീക്ഷകളെ തച്ചുടച്ചത് ടീമിന്റെ സൂപ്പർ താരം മൈകഝസിയായിരുന്നു. 24 പന്തിൽ നിന്നും പുറത്താവാതെ 60 റൺസ് നേടിയ ഹസി കളി പാകിസ്ഥാനിൽ നിന്നും തട്ടിയെടുക്കുകയായിരുന്നു. പതിനൊന്ന് വർഷത്തിനിപ്പുറം തുടർച്ചയായ 3 സിക്‌സുകളിലൂടെ മാത്യൂ വെയ്‌ഡ് പാകിസ്ഥാനെ കണ്ണീരണിയിക്കുമ്പോൾ ചരിത്രം പിന്നെയും ആവർത്തിക്കുകയാണ്.