ഹസന്‍ അലി കൈവിട്ടത് ലോകകപ്പ് ! എന്നാല്‍, ഒറ്റപ്പെടുത്താന്‍ വിട്ടുതരില്ലെന്ന് പാക്കിസ്ഥാന്‍ നായകന്‍

രേണുക വേണു| Last Modified വെള്ളി, 12 നവം‌ബര്‍ 2021 (08:28 IST)

കളിയുടെ ഗതി ഒരു സെക്കന്‍ഡ് കൊണ്ട് മാറിമറിയുമെന്ന സ്ഥിതി. ക്രീസില്‍ നിലയുറപ്പിച്ച മാത്യു വെയ്ഡ് രണ്ടും കല്‍പ്പിച്ചാണ്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബൗളര്‍ ഷഹീന്‍ ഷാ അഫ്രീദിയാണ് പന്തെറിയുന്നത്. 19-ാം ഓവറിലെ മൂന്നാം പന്തില്‍ അത് സംഭവിച്ചു. വെയ്ഡിനെ പുറത്താക്കാന്‍ ലഭിച്ച അവസരം പാക്കിസ്ഥാന്‍ തുലച്ചു. ഷഹീന്‍ അഫ്രീദിയുടെ പന്ത് ഉയര്‍ത്തി അടിക്കാന്‍ വെയ്ഡ് ശ്രമിച്ചെങ്കിലും അത് ക്യാച്ചിനുള്ള അവസരമായി. എന്നാല്‍, ഹസന്‍ അലി ആ അവസരം നഷ്ടപ്പെടുത്തി. അക്ഷരാര്‍ഥത്തില്‍ ഹസന്‍ അലി കൈവിട്ടത് ലോകകപ്പ് തന്നെ !

പിന്നീട് അഫ്രീദി എറിഞ്ഞ മൂന്ന് പന്തുകളും തുടര്‍ച്ചയായി സിക്‌സ് പറത്തിയാണ് മാത്യു വെയ്ഡ് ഓസ്‌ട്രേലിയയെ വിജയത്തിലെത്തിച്ചത്. മാത്യു വെയ്ഡിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയതാണ് തോല്‍വിയില്‍ നിര്‍ണായകമായതെന്ന് മത്സരശേഷം പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം പറഞ്ഞു. ആ ക്യാച്ച് എടുത്തിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു എന്നും ബാബര്‍ മത്സരശേഷം പറഞ്ഞു. എന്നാല്‍, ഹസന്‍ അലിയെ കുറ്റപ്പെടുത്താന്‍ പാക് നായകന്‍ തയ്യാറല്ല.

'ആ ക്യാച്ച് നഷ്ടപ്പെടുത്തിയത് നിര്‍ണായകമായി. വെയ്ഡിന്റെ വിക്കറ്റ് എടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു. എന്നാല്‍, ഇതെല്ലാം കളിയുടെ ഭാഗമാണ്. ഹസന്‍ അലി ഞങ്ങളുടെ പ്രധാന ബൗളറാണ്. ഒട്ടേറെ മത്സരങ്ങള്‍ അദ്ദേഹം ടീമിനെ ജയിപ്പിച്ചിട്ടുണ്ട്. കളിക്കാര്‍ ക്യാച്ച് നഷ്ടപ്പെടുത്തുക സ്വാഭാവികമാണ്. അദ്ദേഹം നന്നായി പോരാടുന്ന താരമാണ്. അതുകൊണ്ട് ഹസന്‍ അലിയെ ഈ മോശം സമയത്ത് ഞാന്‍ പൂര്‍ണമായി പിന്തുണയ്ക്കുന്നു. അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നു. എല്ലാവരും എല്ലാ ദിവസവും നന്നായി കളിക്കണമെന്നില്ല. അദ്ദേഹം നിരാശനാണ്. ആ നിരാശയില്‍ നിന്ന് അദ്ദേഹത്തെ പുറത്തുകടത്താന്‍ ഞങ്ങള്‍ എല്ലാവരും ശ്രമിക്കും,' ബാബര്‍ അസം പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :