രേണുക വേണു|
Last Modified ശനി, 10 ജൂണ്‍ 2023 (08:44 IST)
Oval Test: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. ഇനി രണ്ട് ദിവസം കൂടിയാണ് കളി ശേഷിക്കുന്നത്. നിലവിലെ അവസ്ഥ പരിഗണിക്കുമ്പോള്‍ 75 ശതമാനവും വിജയിച്ചാണ് ഓസ്‌ട്രേലിയ നില്‍ക്കുന്നത്. ഒന്നാം ഇന്നിങ്‌സില്‍ നേടിയ കൂറ്റന്‍ സ്‌കോര്‍ ഓസ്‌ട്രേലിയയ്ക്ക് വലിയ മുന്‍തൂക്കം നല്‍കുന്നു. 173 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായാണ് ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്നത്.
ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് നേടിയിട്ടുണ്ട്. മര്‍നസ് ലബുഷാനെ (118 പന്തില്‍ 41), കാമറൂണ്‍ ഗ്രീന്‍ (27 പന്തില്‍ ഏഴ്) എന്നിവരാണ് ഇപ്പോള്‍ ക്രീസില്‍. നിലവില്‍ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സ് ലീഡ് 296 റണ്‍സാണ്. ആറ് വിക്കറ്റുകള്‍ കൂടി ശേഷിക്കെ രണ്ടാം ഇന്നിങ്സ് ലീഡ് 400 എത്തിക്കാമെന്നാണ് ഓസ്‌ട്രേലിയയുടെ പ്രതീക്ഷ.
രണ്ടാം ഇന്നിങ്‌സില്‍ ഒരു ടീം പോലും ഇതുവരെ ഓവലില്‍ 300 ല്‍ കൂടുതല്‍ റണ്‍സ് ചേസ് ചെയ്തു വിജയിച്ചിട്ടില്ല. ഓവലില്‍ രണ്ടാം ഇന്നിങ്‌സില്‍ ചേസ് ചെയ്തു വിജയിച്ച ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 263 റണ്‍സാണ്. അതും 1902 ല്‍ ! ഓസ്‌ട്രേലിയയ്ക്ക് ഇപ്പോള്‍ തന്നെ രണ്ടാം ഇന്നിങ്‌സില്‍ 196 റണ്‍സിന്റെ ലീഡ് ഉണ്ട്. ഇന്ത്യ ഈ ടെസ്റ്റില്‍ ചേസ് ചെയ്ത് വിജയിച്ചാല്‍ അത് ചരിത്രമാകും.
1902 ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇംഗ്ലണ്ട് 263 റണ്‍സ് ചേസ് ചെയ്ത് വിജയിച്ചിട്ടുള്ളത്. 1963 ല്‍ ഇംഗ്ലണ്ടിനെതിരെ രണ്ടാം ഇന്നിങ്‌സില്‍ 253 റണ്‍സ് ചേസ് ചെയ്തു വിജയിച്ച വെസ്റ്റ് ഇന്‍ഡീസാണ് രണ്ടാം സ്ഥാനത്ത്. രണ്ടായിരത്തിനു ശേഷം ഓവലില്‍ രണ്ടാം ഇന്നിങ്‌സില്‍ ചേസ് ചെയ്തു വിജയിച്ചിട്ടുള്ളത് രണ്ട് ടീമുകള്‍ മാത്രം, ഇംഗ്ലണ്ടും പാക്കിസ്ഥാനും. 2008 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇംഗ്ലണ്ട് 197 റണ്‍സ് ചേസ് ചെയ്തു വിജയിച്ചിട്ടുണ്ട്. 2010 ല്‍ പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിനെതിരെ 148 റണ്‍സ് അവസാന ഇന്നിങ്‌സില്‍ ചേസ് ചെയ്തു വിജയിച്ചിട്ടുണ്ട്. അതായത് ഓവലിലെ കണക്കുകള്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് വന്‍ നിരാശയാണ് സമ്മാനിക്കുന്നത്.