'ആ പന്ത് കളിക്കേണ്ട ആവശ്യമില്ലായിരുന്നു'; വിരാട് കോലി അനാവശ്യ ഷോട്ടിലാണ് പുറത്തായതെന്ന് ഗവാസ്‌കര്‍

രേണുക വേണു| Last Modified വെള്ളി, 9 ജൂണ്‍ 2023 (11:48 IST)

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ ഒന്നാം ഇന്നിങ്‌സില്‍ വിരാട് കോലി പുറത്തായത് അനാവശ്യ ഷോട്ടിലാണെന്ന് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ സ്റ്റീവ് സ്മിത്തിന് ക്യാച്ച് നല്‍കിയാണ് കോലി മടങ്ങിയത്. 31 പന്തില്‍ 14 റണ്‍സാണ് കോലി നേടിയത്.

സ്റ്റാര്‍ക്കിന്റെ എക്‌സ്ട്രാ ബൗണ്‍സ് പന്ത് പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് കോലി പുറത്തായത്. കോലി ആ പന്ത് ലീവ് ചെയ്തിരുന്നെങ്കില്‍ വിക്കറ്റ് നഷ്ടമാകില്ലായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. ആരാധകര്‍ മാത്രമല്ല മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കറും ഇതേ അഭിപ്രായമാണ് കോലിയുടെ വിക്കറ്റിനെ കുറിച്ച് പറഞ്ഞത്.

' അതൊരു പ്രയാസപ്പെട്ട ഡെലിവറി തന്നെയായിരുന്നു. ഫ്രന്റ് ഫൂട്ടില്‍ ആയിരുന്നു കോലി ആ സമയത്ത്. അതുകൊണ്ട് ബാറ്റ് വലിച്ച് ആ പന്ത് ലീവ് ചെയ്യാന്‍ കോലിക്ക് സാധിച്ചില്ല. ബാക്ക് ഫൂട്ടില്‍ ആയിരുന്നെങ്കില്‍ ആ പന്ത് കളിക്കാതിരിക്കാന്‍ സാധിക്കുമായിരുന്നു. കളിക്കേണ്ട ആവശ്യമില്ലാത്ത പന്തായിരുന്നു അത്,' ഗവാസ്‌കര്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :