Kohli- Rohit: സീനിയർ താരങ്ങളെന്ന പേര് മാത്രം, ഇന്ത്യയെ കുഴപ്പത്തിലാക്കുന്നത് കോലിയും രോഹിത്തും തന്നെ

Kohli- Rohit
അഭിറാം മനോഹർ| Last Modified തിങ്കള്‍, 30 ഡിസം‌ബര്‍ 2024 (19:02 IST)
Kohli- Rohit
ഓസ്‌ട്രേലിയക്കെതിരെ ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ അഞ്ചാം ദിവസത്തിലും നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയതോടെ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കുമെതിരെ വിമര്‍ശനവുമായി ആരാധകര്‍. മത്സരത്തില്‍ 340 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയായിരുന്ന ഇന്ത്യയ്ക്ക് ഉച്ചഭക്ഷണ സമയത്തിന് മുന്‍പ് തന്നെ 3 വിക്കറ്റുകള്‍ നഷ്ടമായിരുന്നു. രോഹിത് (9), കോലി(5) റണ്‍സുമായാണ് പുറത്തായത്.

രോഹിത്തിനെ പാറ്റ് കമ്മിന്‍സ് പുറത്തായപ്പോള്‍ വിരാട് കോലിയെ മിച്ചല്‍ സ്റ്റാര്‍ക്കാണ് പുറത്താക്കിയത്.ടൂര്‍ണമെന്റില്‍ ഉടനീളം നിരാശപ്പെടുത്തുന്ന പ്രകടനങ്ങളാണ് ഇരുതാരങ്ങളും നടത്തുന്നതെങ്കിലും കഴിഞ്ഞ ഇന്നിങ്ങ്‌സുകളിലെ നായകന്‍ രോഹിത്തിന്റെ പ്രകടനം പരിതാപകരമായ നിലയിലാണ്. അതേസമയം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്ഥിരമായി ഔട്ടാകുന്ന അതേ രീതില്‍ ഓഫ് സ്റ്റമ്പിന് പുറത്ത് പോകുന്ന പന്തിന് ബാറ്റ് വെച്ചാണ് കോലി ഇത്തവണയും മടങ്ങിയത്.

സൂപ്പര്‍ താരങ്ങളായ 2 പേരും ഫ്രീ വിക്കറ്റുകളായി പുറത്തായതിന് പുറമെ കെ എല്‍ രാഹുലും പൂജ്യത്തിന് പുറത്തായതോടെ ഇന്ത്യ 33/3 എന്ന നിലയിലേക്ക് തകര്‍ന്നു. തുടര്‍ന്ന് യശ്വസി ജയ്‌സ്വാളും റിഷഭ് പന്തും ചേര്‍ന്ന സഖ്യമാണ് ഇന്ത്യയെ മെച്ചപ്പെട്ടനിലയിലെത്തിച്ചത്. എന്നാല്‍ ടീം സ്‌കോര്‍ 121ല്‍ നില്‍ക്കെ റിഷഭ് പന്ത് മടങ്ങിയതോടെ 9 റണ്‍സെടുക്കുന്നതിനിടെ വീണ്ടും 3 വിക്കറ്റുകള്‍ ടീമിന് നഷ്ടമായി. ഇതോടെ മത്സരം സമനിലയിലാക്കാനുള്ള ശ്രമം ഇന്ത്യ നടത്തിയെങ്കിലും അതെല്ലാം തന്നെ വിഫലമായി.

ടോപ് ഓര്‍ഡറില്‍ 2 വിക്കറ്റുകള്‍ ഫ്രീ വിക്കറ്റുകളെന്ന പോലെ ലഭിക്കുന്നതാണ് ബോക്‌സിംഗ് ഡേ ടെസ്റ്റിലെ ഇന്ത്യന്‍ പതനത്തിന്റെ പ്രധാനകാരണം. ടെസ്റ്റിലെ ആദ്യ ഇന്നിങ്ങ്‌സില്‍ ഓഫ് സ്റ്റമ്പിന് പുറത്ത് പോകുന്ന പന്തുകള്‍ കളിക്കുന്നതില്‍ നിന്നും തന്നെ പിടിച്ചുനിര്‍ത്താന്‍ കോലി ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ 2 ഇന്നിങ്ങ്‌സിലും സമാനമായ രീതിയില്‍ തന്നെയാണ് കോലി പുറത്തായത്. ഇരുവരും തുടര്‍ച്ചയായി മോശം പ്രകടനങ്ങള്‍ നടത്തുന്ന സാഹചര്യത്തില്‍ വരുന്ന മത്സരത്തില്‍ ഇരുവരെയും പുറത്തിരുത്തണമെന്ന ആവശ്യം ആരാധകര്‍ക്കിടയില്‍ ശക്തമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :