രാഹുലിന് സെഞ്ച്വറി, മൂന്നാം ഏകദിനത്തിൽ കിവികൾക്ക് 297 റൺസ് വിജയലക്ഷ്യം

അഭിറാം മനോഹർ| Last Modified ചൊവ്വ, 11 ഫെബ്രുവരി 2020 (11:49 IST)
കെ എൽ രാഹുലിന്റെ സെഞ്ച്വറി പ്രകടനത്തിന്റെ മികവിൽ ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 296 റൺസാണ് മത്സരത്തിൽ ഇന്ത്യ സ്വന്തമാക്കിയത്. 112 റൺസിന്റെ സെഞ്ച്വറി പ്രകടനവുമായി ഇന്ത്യൻ ഇന്നിങ്സ് കെട്ടിപടുത്തപ്പോൾ അര്‍ധ സെഞ്ചുറിയുമായി ശ്രേയസ് അയ്യരും 42 റണ്‍സോടെ മനീഷ് പാണ്ഡെയും 40 റണ്‍സുമായി പൃഥ്വി ഷായും രാഹുലിന് പിന്തുണ നൽകി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. സ്കോർബോർഡിൽ എട്ട് റൺസ് ആയിരിക്കുമ്പോൾ ഓപ്പണർ മായങ്ക് അഗർവാളിനെയാണ് ഇന്ത്യക്ക് നഷ്ടമായത്. പിന്നാലെ 12 റൺസുമായി നായകൻ കോലിയും ഔട്ടായതോടെ ഇന്ത്യ അല്പം സമ്മർദ്ദത്തിലായി. എങ്കിലും പൃഥ്വി ഷായും ശ്രേയസ് അയ്യരും ഇന്നിങ്സ് മുന്നോട്ടുനയിച്ചു. പൃഥ്വി ഷാ 42 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 40 റണ്‍സ് നേടി. പൃഥ്വി ഷാ റണ്ണൗട്ടായതോടെ കെ എൽ രാഹുലിനെ കൂട്ടുപിടിച്ച് ശ്രേയസ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇരുവരും നാലാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി.

63 പന്തില്‍ 62 റണ്‍സ് നേടിയ ശ്രേയസ് അയ്യരെ പുറത്താക്കി ജിമ്മി നീഷാമാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടർന്നെത്തിയ മനീഷ് പാണ്ഡെയും മികച്ച പിന്തുണയാണ് രാഹുലിന് നൽകിയത്. റണ്‍സെടുത്ത രാഹുലിനെ തിരിച്ചയച്ച് ബെന്നെറ്റ് ആണ് ഈ കൂട്ടുകെട്ട് അവസാനിപ്പിച്ചത്. തൊട്ടടുത്ത പന്തിൽ പാണ്ഡെയും പുറത്തായി.48 പന്തില്‍ രണ്ട് ഫോറിന്റെ സഹായത്തോടെ 42 റണ്‍സായിരുന്നു പാണ്ഡെയുടെ സമ്പാദ്യം. എട്ടു റണ്‍സ് വീതമെടുത്ത് രവീന്ദ്ര ജഡേജയും നവ്ദീപ് സയ്‌നിയും പുറത്താകാതെ നിന്നു.

ന്യൂസീലന്‍ഡിനായി ബെന്നെറ്റ് 10 ഓവറില്‍ 64 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ജാമിസണും ജിമ്മി നിഷാമും ഓരോ വിക്കറ്റുകളും സ്വന്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :