അഭിറാം മനോഹർ|
Last Modified വ്യാഴം, 5 സെപ്‌റ്റംബര്‍ 2024 (10:13 IST)
സ്‌കോട്ട്ലന്‍ഡിനെതിരായ
ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ റെക്കോര്‍ഡിട്ട് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡ്. ടി20 ചരിത്രത്തില്‍ പവര്‍ പ്ലേയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ഹെഡ് സ്വന്തമാക്കിയത്. പവര്‍ പ്ലേയില്‍ മാത്രം 73 റണ്‍സാണ് ഹെഡ് സ്വന്തമാക്കിയത്. 2020ല്‍ വെസ്റ്റിന്‍ഡീസ് താരം പോള്‍ സ്റ്റിര്‍ലിങ് പവര്‍ പ്ലേയില്‍ സ്വന്തമാക്കിയ 67 റണ്‍സിന്റെ റെക്കോര്‍ഡാണ് താരം മറികടന്നത്.
മത്സരത്തില്‍ 25 പന്തില്‍ 80 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് ഓസീസ് വിജയം അനായാസമാക്കിയത്. അതേസമയം സെഞ്ചുറി നഷ്ടമായതോടെ ടി20 ചരിത്രത്തിലെ വേഗതയേറിയ സെഞ്ചുറിനേട്ടം കൊയ്യാനുള്ള അവസരം താരത്തിന് നഷ്ടമായി. പവര്‍ പ്ലേയില്‍ മാത്രം 113 റണ്‍സാണ് മത്സരത്തില്‍ ഓസീസ് അടിച്ചുകൂട്ടിയത്. ടി20 അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.
അതേസമയം ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ കൂടിയാണിത്. ഒന്നാമത്തേത് ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി ട്രാവിസ് ഹെഡ്- അഭിഷേക് ശര്‍മ സഖ്യം നേടിയ 125 റണ്‍സാണ്. മൂന്നാമത് വരുന്നതും ഈ സഖ്യം നേടിയ 107 റണ്‍സാണ്. മൂന്നിലും ഹെഡിന്റെ പ്രകടനമാണ് നിര്‍ണായകമായത്.
സ്‌കോട്ട്ലന്‍ഡിനെതിരായ മത്സരത്തില്‍ 155 റണ്‍സായിരുന്നു ഓസ്‌ട്രേലിയയ്ക്ക് മുന്നിലുള്ള വിജയലക്ഷ്യം. വെറും 9.4 ഓവറിലാണ് ഓസീസ് ഈ വിജയലക്ഷ്യം മറികടന്നത്. ഹെഡിന് പുറമെ 12 പന്തില്‍ 39 റണ്‍സുമായി നായകന്‍ മിച്ചല്‍ മാര്‍ഷും ഓസീസ് നിരയില്‍ തിളങ്ങി. ആദ്യ പന്തില്‍ തന്നെ ജേക് ഫ്രേസര്‍ മക് ഗുര്‍ക്കിനെ പൂജ്യത്തിന് നഷ്ടമായെങ്കിലും ഹെഡ്- മാര്‍ഷ് കൂട്ടുക്കെട്ട് ഓസീസിന് അനായാസമായ വിജയമൊരുക്കുകയായിരുന്നു. അഞ്ച് സിക്‌സും 12 ഫോറും അടങ്ങുന്നതായിരുന്നു ഹെഡിന്റെ ഇന്നിങ്ങ്‌സ്. 27 റണ്‍സുമായി ജോഷ് ഇംഗ്ലീഷും 8 റണ്‍സുമായി മാര്‍ക്കസ് സ്റ്റോയ്‌നിസും പുറത്താകാതെ നിന്നു.