അഭിറാം മനോഹർ|
Last Modified ചൊവ്വ, 3 സെപ്‌റ്റംബര്‍ 2024 (17:21 IST)
ഇന്ത്യന്‍ ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ശേഷം വലിയ വിടവുണ്ടാകുമെന്നാണ് കരുതിയിരുന്നതെങ്കിലും വിരാട് കോലി എന്ന യുവതാരം ആ വിടവ് നികത്തിയത് അവിശ്വസനീയമായിട്ടായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിന്റെ സൂപ്പര്‍ താരമായി മാറാന്‍ കോലിയ്ക്കായി. ക്രിക്കറ്റിന്റെ 3 ഫോര്‍മാറ്റിലും ഒരേസമയം അസാമാന്യമായ മിടുക്ക് പുലര്‍ത്താന്‍ കോലിയ്ക്ക് സാധിച്ചിട്ടുണ്ട്. കരിയറില്‍ ഒട്ടേറെ നേട്ടങ്ങള്‍ വെട്ടിപ്പിടിച്ചിട്ടുണ്ടെങ്കിലും മോശം കാലങ്ങളും കോലി എന്ന കളിക്കാരനുണ്ടായിട്ടുണ്ട്.
അത്തരമൊരു സമയത്തെ പറ്റി വ്യക്തമാക്കിയിരിക്കുകയാണ് കോലിയുടെ സഹതാരമായിരുന്ന ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. 2011ല്‍ വെസ്റ്റിന്‍ഡീസിനെതിരായ 3 ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് ശേഷം കോലി വളരെയേറെ നിരാശനായിരുന്നുവെന്നും കോലിയ്ക്ക് ആത്മവിശ്വാസം നല്‍കിയത് താനായിരുന്നുവെന്നും ഹര്‍ഭജന്‍ ഒരു പോഡ്കാസ്റ്റില്‍ പറഞ്ഞു. വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് സീരീസില്‍ 4,15,0,27,30 എന്നിങ്ങനെയായിരുന്നു കോലിയുടെ സ്‌കോറുകള്‍. അത് അവന്റെ ആത്മവിശ്വാസം തകര്‍ത്തു.
ആ സമയത്ത് സ്വന്തം കഴിവില്‍ അവന് സംശയം തോന്നിയിരുന്നു. കോലി എന്റെ അരികില്‍ വന്നപ്പോള്‍ ഞാന്‍ അവനോട് പറഞ്ഞത് ഇങ്ങനെയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ നീ 10,000 റണ്‍സ് അടിച്ചില്ലെങ്കില്‍ അതിന്റെ മുഴുവന്‍ കുറ്റവും നിന്റെ പേരിലായിരിക്കും. കാരണം 10,000 ടെസ്റ്റ് റണ്‍സ് നേടാനുള്ള എല്ലാ കഴിവും നിനക്കുണ്ട്. അതിന് ശേഷം മറ്റൊരു കോലിയെയാണ് കളിക്കളത്തില്‍ കണ്ടതെന്ന് ഹര്‍ഭജന്‍ പറയുന്നു നിലവില്‍ 113 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 8848 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. അടുത്ത് തന്നെ താരം ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 എന്ന നാഴികകല്ല് പിന്നിടുമെന്ന് ഉറപ്പാണ്.
ഒരു സാധാരണ കളിക്കാരനായി കരിയര്‍ അവസാനിപ്പിക്കരുതെന്ന നിശ്ചയദാര്‍ഡ്യമാണ് കോലിയുടെ വിജയത്തിന് കാരണമെന്നും അതിനായി തന്റെ ഡയറ്റും ഫിറ്റ്‌നസുമെല്ലാം കോലി വലിയ രീതിയില്‍ മാറ്റിയെന്നും തുടര്‍ച്ചയായി സെഞ്ചുറികള്‍ കണ്ടെത്തികൊണ്ട് റെക്കോര്‍ഡുകള്‍ എല്ലാം തകര്‍ത്തെറിയുന്നതിന് കോലിയെ സഹായിച്ചത് ഈ മാനസികമായ കരുത്തും ഈ നിശ്ചയദാര്‍ഡ്യവുമാണെന്നും ഹര്‍ഭജന്‍ പറഞ്ഞു.