'ഇതുപോലൊരു പിച്ച് മുന്‍പൊന്നും കണ്ടിട്ടില്ല'; റാഞ്ചിയില്‍ ഇംഗ്ലണ്ട് നായകന്റെ 'പരിഹാസ ശരം'; തോല്‍വി മുന്‍കൂട്ടി കണ്ടുള്ള ജാമ്യമെന്ന് ആരാധകര്‍

അതേസമയം തോല്‍വി മുന്നില്‍ കണ്ട് ഇംഗ്ലണ്ട് ജാമ്യമെടുക്കുകയാണെന്ന് ഇന്ത്യന്‍ ആരാധകര്‍ തിരിച്ചടിച്ചു

രേണുക വേണു| Last Modified വ്യാഴം, 22 ഫെബ്രുവരി 2024 (15:55 IST)

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് നടക്കാനിരിക്കെ റാഞ്ചിയിലെ പിച്ചിനെ പരിഹസിച്ച് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ്. ഇതുപോലൊരു പിച്ച് മുന്‍പൊന്നും താന്‍ കണ്ടിട്ടില്ലെന്ന് സ്റ്റോക്‌സ് പറഞ്ഞു. എന്താണ് സംഭവിക്കുകയെന്ന് അറിയില്ലെന്നും ഇന്നുവരെ കാണാത്ത തരത്തിലുള്ള പിച്ചാണ് റാഞ്ചിയിലേതെന്നും സ്റ്റോക്‌സ് തുറന്നടിച്ചു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1 ന് ഇന്ത്യ ലീഡ് ചെയ്യുകയാണ്. റാഞ്ചിയിലെ മത്സരം ഇംഗ്ലണ്ടിന് അതീവ നിര്‍ണായകവും. ഈ സാഹചര്യത്തിലാണ് ബെന്‍ സ്റ്റോക്‌സിന്റെ പിച്ചിനെതിരായ പരാമര്‍ശം.

' ഇങ്ങനെയൊരു പിച്ച് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. മത്സരത്തില്‍ എന്തു സംഭവിക്കുമെന്നതിനെ കുറിച്ച് എനിക്കൊരു ധാരണയുമില്ല. ഡ്രസിങ് റൂമില്‍ നിന്ന് നോക്കിയപ്പോള്‍ പിച്ച് പുല്ല് നിറഞ്ഞതായി തോന്നി. എന്നാല്‍ അടുത്ത് എത്തുമ്പോള്‍ വ്യത്യസ്തമാണ്. നിറയെ വിള്ളലുകളാണ് പിച്ചില്‍,' സ്റ്റോക്‌സ് പറഞ്ഞു. പിച്ചില്‍ നിറയെ വിള്ളലുകള്‍ ആണെന്നും മത്സരഫലത്തെ ഇത് സ്വാധീനിക്കുമെന്ന ആശങ്കയുണ്ടെന്നും ഇംഗ്ലണ്ട് ഉപനായകന്‍ ഒലി പോപ്പും വിമര്‍ശിച്ചു.

അതേസമയം തോല്‍വി മുന്നില്‍ കണ്ട് ഇംഗ്ലണ്ട് ജാമ്യമെടുക്കുകയാണെന്ന് ഇന്ത്യന്‍ ആരാധകര്‍ തിരിച്ചടിച്ചു. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും പോകുമ്പോള്‍ അവര്‍ക്ക് ഇഷ്ടമുള്ള രീതിയിലാണ് പിച്ച് തയ്യാറാക്കുക. അതേ രീതിയില്‍ ഇന്ത്യ തങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ പിച്ച് തയ്യാറാക്കിയാല്‍ അസഹിഷ്ണുതയോടെയാണ് അവരെല്ലാം ഇതിനെ കാണുന്നത്. സ്പിന്‍ പിച്ചില്‍ തോല്‍വി ഉറപ്പിച്ചതു കൊണ്ടാണ് ഇംഗ്ലണ്ട് നായകന്‍ പിച്ചിനെ വിമര്‍ശിക്കുന്നതെന്നും ആരാധകര്‍ ട്രോളി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :