ഹൈദരാബാദിനെ അടിയറവ് പറയിച്ച് മുംബൈ, പ്ലേ ഓഫ് സാധ്യതകൾ സജീവം

അഭിറാം മനോഹർ| Last Modified ഞായര്‍, 21 മെയ് 2023 (19:32 IST)
ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെതിരായ നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പ വിജയം. ടോസ് നേടി ബൗളിംഗ് തെരെഞ്ഞെടുത്ത മുംബൈയ്ക്ക് മുന്നില്‍ 201 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഹൈദരാബാദ് മുന്നൊട്ട് വെച്ചത്. ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളും വിവ്രാന്ത് ശര്‍മയും മികച്ച തുടക്കം നല്‍കിയെങ്കിലും അത് മുതലെടുക്കാന്‍ ഹൈദരാബാദ് നിരയ്ക്കായില്ല. 4 വിക്കറ്റുകള്‍ പിഴുതെറിഞ്ഞ ബൗളര്‍ ആകാശ് മധ്വലിന്റെ പ്രകടനമാണ് ഹൈദരാബാദ് ബാറ്റിംഗ് നിരയെ വിലങ്ങിടാന്‍ സഹായിച്ചത്.

അതേസമയം മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ആദ്യ പന്ത് മുതല്‍ തന്നെ ആക്രമണോത്സുകമായാണ് കളിച്ചത്. ഇഷാന്‍ കിഷനെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും നായകന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് നായകന്‍ രോഹിത് ശര്‍മ അവസരത്തിനൊത്ത് ഉയരുകയും ആദ്യ പന്ത് മുതല്‍ തന്നെ കാമറൂണ്‍ ഗ്രീന്‍ സംഹാരമൂര്‍ത്തിയാകുകയും ചെയ്തതോടെ നിസാരമായാണ് ഹൈദരാബാദ് ബൗളിംഗ് നിരയെ മുംബൈ നേരിട്ടത്. ഐപിഎല്ലിലെ തന്റെ ആദ്യ സെഞ്ചുറി കുറിച്ച കാമറൂണ്‍ ഗ്രീന്‍ 47 പന്തില്‍ നിന്നും 100* റണ്‍സെടുത്തു.രോഹിത് ശര്‍മ 56(37), സൂര്യകുമാര്‍ യാദവ് 25*(16) എന്നിവരും മുംബൈ നിരയില്‍ തിളങ്ങി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :