വെബ്ദുനിയ ലേഖകൻ|
Last Modified ഞായര്‍, 26 ജൂലൈ 2020 (13:45 IST)
ന്യൂഡല്‍ഹി: ടീം ഇന്ത്യയെ ജയിപ്പിയ്ക്കാനുള്ള ആർജ്ജവവും ആത്മവിശ്വാസവുമുണ്ടെങ്കിൽ മഹേന്ദ്ര സിങ് ധോണി ടീമിൽ തുടരട്ടെ എന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. പന്ത് നല്ലപോലെ അടിച്ചകറ്റാന്‍ കഴിയുന്ന തരത്തില്‍ ഇപ്പോഴും ഫോമിലാണെങ്കില്‍, ആറാം നമ്പറിലോ ഏഴാം നമ്പറിലോ ഇറങ്ങി ഇപ്പോഴും ഇന്ത്യയെ ജയിപ്പിക്കാമെന്ന് ആത്മവിശ്വാസമുണ്ടെങ്കില്‍ അദ്ദേഹം കളി തുടരണം എന്ന് ഗംഭീർ പറയുന്നു.
'നിങ്ങള്‍ മികച്ച ഫോമിലാണെങ്കിൽ, പന്ത് കൃത്യമായി കണ്ട് ദൂരങ്ങളിലേയ്ക്ക് പായിയ്ക്കാൻ
പ്രാപ്തിയുള്ളിടത്തോളം കാലം, പ്രായം വെറുമൊരു നമ്പര്‍ മാത്രമാണ്. ധോണിയുടെ കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ. പന്ത് നല്ലപോലെ അടിച്ചകറ്റാന്‍ കഴിയുംവിധം ഇപ്പോഴും ഫോമിലാണെങ്കില്‍, പ്രത്യേകിച്ച് ആറാം നമ്പറിലോ ഏഴാം നമ്പറിലോ ഇറങ്ങി ഇന്ത്യയെ ജയിപ്പിക്കാമെന്ന് ഇപ്പോഴും ആത്മവിശ്വാസമുണ്ടെങ്കില്‍ അദ്ദേഹം കളി തുടരണം.
ധോണി കളത്തില്‍ തുടരട്ടെ. ആര്‍ക്കാണ് അദ്ദേഹം വിരമിക്കണമെന്ന് നിര്‍ബന്ധം പിടിക്കാനാകുക? പ്രായത്തിന്റെ പേരില്‍ ധോണിയേപ്പോലുള്ള താരങ്ങൾക്ക് മേല്‍ അനാവശ്യ സമ്മര്‍ദ്ദം നിറയ്ക്കുന്ന പലരുമുണ്ട്. പക്ഷേ, എപ്പോള്‍ വിരമിക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. എപ്പോള്‍ കളി തുടങ്ങിയെന്നത് അവരുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പായിരുന്നല്ലോ.' ഗൗതം ഗംഭീര്‍ പറഞ്ഞു.