മുംബൈ|
സജിത്ത്|
Last Updated:
തിങ്കള്‍, 6 നവംബര്‍ 2017 (10:38 IST)
ന്യൂസിലൻഡിനെതിരെ നടന്ന രണ്ടാം ട്വന്റി 20യിലെ മോശം പ്രകടനത്തിന്റെ പേരിൽ മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുൻ ഇന്ത്യൻ താരം വി.വി.എസ്.ലക്ഷ്മണ്. ട്വന്റി 20 ക്രിക്കറ്റിൽ ടീം ഇന്ത്യ പുതുമുഖ താരങ്ങളെ കണ്ടെത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു എന്നായിരുന്നു ലക്ഷ്മണിന്റെ പരാമർശം.
ടി 20 ക്രിക്കറ്റിൽ നാലാം നമ്പരിലാണ് ധോണി ബറ്റിങ്ങിനെത്തുന്നത്. ആ സ്ഥാനത്ത് അദ്ദേഹത്തിന് നിലയുറപ്പിക്കാൻ കൂടുതൽ സമയം ആവശ്യമായി വരുന്നുണ്ട്. കഴിഞ്ഞ മത്സരത്തില്‍ കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റ് 160ൽ നിൽക്കുമ്പോൾ ധോണിയുടേത് വെറും 80 മാത്രമായിരുന്നു. ഒരു വലിയ സ്കോർ പിൻതുടരുന്ന സമയത്ത് ഈ പ്രകടനം മതിയാവില്ലെന്നും ലക്ഷ്മണ് പറഞ്ഞു
ടി20 ഫോർമാറ്റിൽ ധോണി പുതുമുഖങ്ങൾക്ക് അവസരം നൽകാൻ സമയമായെന്നാണ് തനിക്ക് തോന്നുന്നത്. അതേസമയം, ധോണി ഏകദിനത്തിൽ ഇന്ത്യയുടെ അനിവാര്യഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടാം ട്വന്റി 20യിൽ 37 പന്തിൽനിന്നു 49 റണ്‍സായിരുന്നു മത്സരത്തിൽ ധോണിയുടെ സന്പാദ്യം. ഇതിൽ ആദ്യത്തെ 16 റണ്‍സ് നേടുന്നതിനായി ധോണി 18 പന്തുകളെടുത്തിരുന്നു. ഇതാണ് വിമർശനങ്ങൾക്കിടയാക്കിയത്.