വെബ്‌ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 14 ജനുവരി 2020 (11:43 IST)
ഇന്ത്യൻ ക്രിക്കറ്റിൽ, സച്ചിൻ സച്ചിൻ എന്ന ആരവങ്ങൾക്ക് ശേഷം ഒരു താരത്തിന്റെ പേര് ഗ്യാലറിയിൽനിന്നും ഉയർന്നു കേട്ടിട്ടുണ്ടെങ്കിൽ അത് ധോണിയുടേതായിരിക്കും. ധോണി എന്ന താരം അത്രമേൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ വികാരമായി മാറിയിരുന്നു. പക്ഷേ 2019ലെ ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ട ശേഷം, ധോണി പിന്നീട് ഇന്ത്യക്കായി കളത്തിലിറങ്ങിയിട്ടില്ല.
സെമിയിൽ ധോണിയുടെ റണ്ണൗട്ടാണ് ഇന്ത്യയുടെ സകല പ്രതീക്ഷകളെയും തകിടം മറിച്ചത്. ഇപ്പോഴിതാ ആന്നത്തെ ആ റണ്ണൗട്ടിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ധോണി. ' എന്റെ ആദ്യ മത്സരത്തിലും ഞാൻ റണ്ണൗട്ടായിരുന്നു. ഇപ്പോൾ ആ മത്സരത്തിലും. എന്തുകൊണ്ട് ഞാനന്ന് ഡൈവ് ചെയ്തില്ല. വെറും രണ്ട് ഇഞ്ച് ദൂരം. ഇപ്പോഴും ഞാൻ എന്നോട് പറയാറുണ്ട്. ഞാൻ അന്ന് ഡൈവ് ചെയ്യേണ്ടിയിരുന്നു എന്ന്.
വിക്കറ്റുകൾക്കിടയിൽ അതിവേഗത്തിൽ ഓടുന്ന താരമാണ് ധോണി. മുൻ നിര തകർന്നപ്പോൾ പ്രതീക്ഷ നഷ്ടപ്പെട്ട ഇന്ത്യക്ക് ധോണിയും ജഡേജയും ചേർന്ന് 116 റൺസിന്റെ കൂട്ടുകെട്ട് പടുത്ത് പ്രതീക്ഷ നൽകി. 59 പന്തിൽനിന്നും 77 റൺസെടുത്ത് ജഡേജ പുറത്തായപ്പോഴും ധോണിയുടെ ബാറ്റിൽ നിന്നും ഇന്ത്യൻ ആരാധകർ മാജിക് പ്രതീക്ഷിച്ചിരുന്നു. എന്നാൽ 49ആം ഓവറിലെ മൂന്നാം പന്തിൽ ധോണി റണ്ണൗട്ട് ആയതോടെ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷ അവസാനിച്ചു.