ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ സെലക്ടര്‍മാര്‍ ആഗ്രഹിച്ചിരുന്നു; തടഞ്ഞത് ധോണി, ഫിനിഷറുടെ റോളില്‍ ഹാര്‍ദിക് വേണമെന്ന് നിര്‍ബന്ധം പിടിച്ചു

രേണുക വേണു| Last Modified ശനി, 30 ഒക്‌ടോബര്‍ 2021 (07:53 IST)

ഐപിഎല്ലിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യയിലേക്ക് സെലക്ഷന്‍ കമ്മിറ്റിയിലെ മുതിര്‍ന്ന അംഗങ്ങള്‍ ആലോചിച്ചിരുന്നതായി റിപ്പോര്‍ട്ട്. ടി 20 ലോകകപ്പിനുള്ള സ്‌ക്വാഡില്‍ ഹാര്‍ദിക് സ്ഥാനം പിടിച്ചിരുന്നെങ്കിലും ഐപിഎല്ലിലെ മോശം പ്രകടനം സെലക്ടര്‍മാരെ മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ടി 20 ലോകകപ്പിനായി യുഎഇയില്‍ തുടരാതെ ഹാര്‍ദിക് നാട്ടിലേക്ക് തിരിച്ചുപോകുകയാണ് നല്ലതെന്ന് സെലക്ടര്‍മാര്‍ തീരുമാനിച്ചിരുന്നതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

'ഐപിഎല്ലില്‍ ഹാര്‍ദിക് പാണ്ഡ്യ പന്തെറിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഐപിഎല്ലിന് ശേഷം അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ ആലോചിച്ചിരുന്നു. എന്നാല്‍, ടി 20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ മെന്റര്‍ ആയ മഹേന്ദ്രസിങ് ധോണി ആ തീരുമാനത്തെ എതിര്‍ത്തു. ഹാര്‍ദിക് ടി 20 സ്‌ക്വാഡില്‍ വേണമെന്ന് ധോണി നിര്‍ബന്ധം പിടിച്ചു. ഫിനിഷര്‍ എന്ന നിലയില്‍ ഹാര്‍ദിക്കിന് നല്ല കഴിവുണ്ടെന്ന് പറഞ്ഞാണ് ധോണി സെലക്ടര്‍മാരുടെ തീരുമാനത്തെ എതിര്‍ത്തത്,' റിപ്പോര്‍ട്ടില്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :