Mohammed Shami: കാലില്‍ ശസ്ത്രക്രിയ; മുഹമ്മദ് ഷമിക്ക് ഐപിഎല്‍ നഷ്ടമാകും

മാര്‍ച്ചില്‍ യുകെയില്‍ ആയിരിക്കും ശസ്ത്രക്രിയ നടക്കുക

രേണുക വേണു| Last Modified വ്യാഴം, 22 ഫെബ്രുവരി 2024 (16:07 IST)

Mohammed Shami: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ഇത്തവണത്തെ ഐപിഎല്‍ നഷ്ടമാകും. പരുക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ഷമി ക്രിക്കറ്റില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. ഐപിഎല്‍ ആകുമ്പോഴേക്കും പരുക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്താമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ കണങ്കാലിലെ പരുക്കിന് താരം ശസ്ത്രക്രിയയ്ക്ക് വിധേയനാകണം. അതുകൊണ്ടാണ് ഷമിക്ക് ഐപിഎല്‍ നഷ്ടമാകുന്നത്.

മാര്‍ച്ചില്‍ യുകെയില്‍ ആയിരിക്കും ശസ്ത്രക്രിയ നടക്കുക. അതിനുശേഷം താരത്തിനു വിശ്രമം ആവശ്യമാണ്. ജനുവരി മാസത്തില്‍ താരം ലണ്ടനില്‍ എത്തിയിരുന്നു. ശസ്ത്രക്രിയ ഇല്ലാതെ കുത്തിവയ്പ്പിലൂടെ പരുക്ക് ഭേദമാക്കാമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ മൂന്നാഴ്ചത്തെ കുത്തിവയ്പ്പിനു ശേഷവും പരുക്ക് ഭേദമായില്ല. ഇതേ തുടര്‍ന്നാണ് ശസ്ത്രക്രിയയ്ക്ക് വിധേയമാകണമെന്ന് ഡോക്ടര്‍മാര്‍ താരത്തെ അറിയിച്ചത്.

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടിയാണ് ഷമി കളിക്കുന്നത്. ഷമിയുടെ അഭാവം ഫ്രാഞ്ചൈസിക്ക് വലിയ തിരിച്ചടിയാകും. കഴിഞ്ഞ നവംബറില്‍ ഏകദിന ലോകകപ്പ് ഫൈനല്‍ കഴിഞ്ഞതിനു ശേഷം ഷമി ഇന്ത്യക്കായി ഒരു കളിയില്‍ പോലും ഇറങ്ങിയിട്ടില്ല. പരുക്ക് പൂര്‍ണമായി ഭേദമായാല്‍ മാത്രമേ വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് ടീമിലേക്ക് ഷമിയെ പരിഗണിക്കൂ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :