രേണുക വേണു|
Last Modified ബുധന്‍, 11 ജനുവരി 2023 (09:57 IST)
ഗുവാഹത്തിയില്‍ നടന്ന ഇന്ത്യ-ശ്രീലങ്ക ഒന്നാം ഏകദിന മത്സരത്തിനിടെ മുഹമ്മദ് ഷമി നടത്തിയ മങ്കാദിങ് ശ്രമം വലിയ ചര്‍ച്ചയായിരിക്കുകയാണ്. ശ്രീലങ്കന്‍ ഇന്നിങ്‌സിന്റെ അവസാന ഓവറിലാണ് സംഭവം. ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനകയെ പുറത്താക്കാനാണ് അവസാന ഓവര്‍ എറിയാനെത്തിയ മുഹമ്മദ് ഷമി മങ്കാദിങ് ശ്രമം നടത്തിയത്. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നില്‍ക്കുകയായിരുന്ന ഷനകയുടെ അപ്പോഴത്തെ വ്യക്തിഗത സ്‌കോര്‍ 98 റണ്‍സായിരുന്നു.
ഐസിസി ചട്ടം അനുസരിച്ച് മങ്കാദിങ് ഇപ്പോള്‍ നിയമപരമാണ്. അതുകൊണ്ട് തന്നെ ഷമി ചെയ്തതില്‍ തെറ്റൊന്നും ഇല്ല. സ്‌ട്രൈക്ക് ലഭിക്കാന്‍ വേണ്ടി ഷനക ആ സമയത്ത് ക്രീസില്‍ നിന്ന് ഇറങ്ങിയിട്ടുണ്ടായിരുന്നു. ഷമി പന്ത് എറിയുന്നതിനു മുന്‍പ് ഷനക ക്രീസ് വിട്ടിരുന്നതിനാല്‍ അത് ഔട്ടും ആയിരുന്നു. അംപയര്‍ തീരുമാനമെടുക്കാന്‍ വേണ്ടി തേര്‍ഡ് അംപയറുടെ സഹായം തേടിയെങ്കിലും ഉടനെ തന്നെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഇടപെട്ട് റിവ്യു തീരുമാനം പിന്‍വലിക്കുകയായിരുന്നു. മങ്കാദിങ്ങിലൂടെയുള്ള വിക്കറ്റ് വേണ്ട എന്ന് രോഹിത് നിലപാടെടുത്തു. നകയെ അങ്ങനെ ഔട്ടാക്കാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലായിരുന്നു എന്ന് മത്സരശേഷം രോഹിത് ശര്‍മ പ്രതികരിച്ചു.
' ഞങ്ങള്‍ക്ക് ഷനകയുടെ വിക്കറ്റ് മങ്കാദിങ്ങിലൂടെ വേണ്ട. ഷമി അങ്ങനെ ചെയ്യുമെന്ന് ഒരു ഐഡിയയും എനിക്കുണ്ടായിരുന്നില്ല. ഷനക 98 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്നു. വളരെ ബ്രില്യന്റായാണ് അദ്ദേഹം ബാറ്റ് ചെയ്തത്. ശരിക്കും അദ്ദേഹം നന്നായി കളിച്ചു,' രോഹിത് ശര്‍മ പറഞ്ഞു.