ശ്രീലങ്കക്കെതിരെ കത്തിക്കയറി ടീം ഇന്ത്യ, നാട്ടിൽ 20 ഏകദിന സെഞ്ചുറികളെന്ന റെക്കോർഡ് നേട്ടത്തിൽ കോലി

അഭിറാം മനോഹർ| Last Modified ചൊവ്വ, 10 ജനുവരി 2023 (17:26 IST)
ശ്രീലങ്കക്കെതിരായ ഏകദിനപരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് നൽകിയത്. ഇരുവരും ചേർന്നുള്ള ഓപ്പണിങ് ജോഡി ആദ്യ വിക്കറ്റിൽ 143 റൺസ് പൂർത്തിയാക്കിയ ശേഷമാണ് പിരിഞ്ഞത്. ശുഭ്മാൻ ഗില്ലിന് പിന്നാലെ നായകൻ രോഹിത്തും പുറത്തായെങ്കിലും വിരാട് കോലി ഇന്ത്യയുടെ റൺസ് ഉയർത്തി.

ശുഭ്മാൻ ഗിൽ 70 റൺസും രോഹിത്ത് ശർമ 83 റൺസും നേടി പുറത്തായി. മികച്ച ഫോമിലുള്ള ശ്രേയസ് അയ്യരുടെയും കെ എൽ രാഹുലിൻ്റെയും പിന്തുണയിൽ വിരാട് കോലിയാണ് ഇന്ത്യയെ പിന്നീട് മികച്ച സ്കോറിലേക്ക് നയിച്ചത്.87 പന്തിൽ നിന്നും കോലി 113 റൺസെടുത്തു. ഇന്ത്യയിൽ താരം സ്വന്തമാക്കുന്ന ഇരുപതാമത്തെ സെഞ്ചുറിയാണിത്. ഇതോടെ സച്ചിനൊപ്പം റെക്കോർഡ് ബുക്കിൽ ഇടം നേടാൻ കോലിക്കായി. ശ്രേയസ് അയ്യർ 28ഉം കെ എൽ രാഹുൽ 39ഉം റൺസ് നേടി. 50 ഓവറിൽ 7 വിക്കറ്റിന് 373 റൺസാണ് ഇന്ത്യ സ്വന്തമാക്കിയത്.

ശ്രീലങ്കയ്ക്കായി കസുൻ രജിത 3 വിക്കറ്റ് സ്വന്തമാക്കി. ദിൽഷൻ മധുഷങ്ക, ചമിക കരുണരത്നെ, ദസുൻ ഷനക,ധനഞ്ജയ സിൽവ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :