അയാള്‍ വലിയൊരു സിഗ്നല്‍ തന്നിട്ടുണ്ട് ! തീപ്പൊരിയായി ഷമി; അവസാന ഓവറില്‍ മൂന്ന് വിക്കറ്റ്, വിട്ടുകൊടുത്തത് വെറും നാല് റണ്‍സ്

രേണുക വേണു| Last Modified തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (13:42 IST)

ഓസ്‌ട്രേലിയയ്‌ക്കെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് ആറ് റണ്‍സ് വിജയം. ഒരു സമയത്ത് ഓസ്‌ട്രേലിയ അനായാസ വിജയം ഉറപ്പിച്ച മത്സരമാണ് ഇന്ത്യ അവസാന ഓവറുകളില്‍ തട്ടിയെടുത്തത്.

അവസാന ഓവറില്‍ ഓസ്‌ട്രേലിയയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് വെറും 11 റണ്‍സ് മാത്രം. നാല് വിക്കറ്റുകള്‍ കൈവശമുണ്ടായിരുന്നു. മുഹമ്മദ് ഷമിക്കാണ് നായകന്‍ രോഹിത് ശര്‍മ പന്ത് നല്‍കിയത്. നിര്‍ണായക സമയത്ത് കൂറ്റനടികളിലൂടെ കളിയുടെ ഗതി തിരിക്കാന്‍ കെല്‍പ്പുള്ള പാറ്റ് കമ്മിന്‍സും ക്രീസില്‍ ഉണ്ട്.

ആദ്യ പന്തില്‍ കമ്മിന്‍സ് രണ്ട് റണ്‍സ് ഓടിയെടുത്തു. രണ്ടാം പന്തിലും രണ്ട് റണ്‍സ്. പിന്നീട് ജയിക്കാന്‍ വേണ്ടത് നാല് പന്തില്‍ ഏഴ് റണ്‍സ് മാത്രം. ഒരു സിക്‌സ് മതി എല്ലാം കൈവിടാന്‍ എന്ന അവസ്ഥ. അവസാന ഓവറിന്റെ മൂന്നാം പന്ത് ഒരു ലോ ഫുള്‍ ടോസാണ് ഷമി എറിഞ്ഞത്. പന്ത് വായുവിലൂടെ ബൗണ്ടറി ലൈനിന് അരികിലേക്ക്. സിക്‌സ് ആകുമെന്ന് തോന്നിയ പന്ത് ഒറ്റ കൈകൊണ്ട് ചാടിയെടുക്കുകയായിരുന്നു വിരാട് കോലി. പാറ്റ് കമ്മിന്‍സ് പുറത്തായി. അതോടെ മൂന്ന് പന്തില്‍ ഏഴ് റണ്‍സ് എന്ന അവസ്ഥയായി.

തുടര്‍ന്നുള്ള മൂന്ന് പന്തുകളിലും തുടര്‍ച്ചയായി വിക്കറ്റുകള്‍. ആഷ്ടണ്‍ അഗര്‍ റണ്‍ഔട്ടായപ്പോള്‍ ജോ ഇഗ്ലിസ്, കെയ്ന്‍ റിച്ചാഡ്‌സണ്‍ എന്നിവരെ അവസാന രണ്ട് പന്തുകളില്‍ ഷമി ബൗള്‍ഡാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :