അഭിറാം മനോഹർ|
Last Modified ചൊവ്വ, 14 മാര്‍ച്ച് 2023 (19:08 IST)
ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലെ സെഞ്ചുറിയുമായി തൻ്റെ ടെസ്റ്റിലെ സെഞ്ചുറി വരൾച്ചയ്ക്ക് വിരാമമിട്ട ഇന്ത്യൻ സൂപ്പർ താരം വിരാട് കോലിക്ക് പിന്തുണയുമായി പാക് പേസർ മുഹമ്മദ് ആമിർ. കോലിയെ വിമർശിക്കാൻ മാത്രം ഇവരെല്ലാം ആരാണെന്ന് ആമിർ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ ചോദിച്ചു. കോലിയും ഒരു മനുഷ്യനാണ്. റിമോർട്ട് അമർത്തിയ പോലെ എല്ലാ കളികളിലും സെഞ്ചുറി നേടാനും ഇന്ത്യയെ വിജയിപ്പിക്കാനും അദ്ദേഹത്തിനാകില്ല.
കരിയറിൽ എല്ലാ താരങ്ങളും ഉയർച്ച താഴ്ചകളിലൂടെ കടന്നുപോകും. പലപ്പോഴും എനിക്ക് നന്നായി പന്തെറിയാൻ കഴിയാറില്ല. എല്ലാ കളികളിലും വിക്കറ്റും നേടാനാവില്ല. അതേസമയം ഫുൾടോസിലോ ലൈഗ് സൈഡിലോ എറിയുന്ന പന്തിൽ വിക്കറ്റ് കിട്ടിയെന്ന് വരാം അതിന് ഭാഗ്യവും കൂടി വേണം ആമിർ പറഞ്ഞു. കോലിയുടെ കഠിനാധ്വാനത്തെ ഒരിക്കലും സംശയിക്കാനാവില്ല. ഓരോ തവണ വിമർശിക്കപ്പെടുമ്പോഴും അദ്ദേഹം ആ വെല്ലുവിളി ഇഷ്ടപ്പെടുകയും ഏറ്റെടുക്കുകയും ചെയ്യുന്നയാളാണ്. വിമർശകരുടെ വായടപ്പിച്ച് ഓരോ തവണയും അദ്ദേഹം ശക്തമായി തിരിച്ചുവരാറുണ്ടെന്നും ആമിർ പറഞ്ഞു.
വിശ്രമമില്ലാതെ തുടർച്ചയായി കളിച്ചതാകാം ബുമ്രയുടെ പരിക്കിന് കാരണമെന്നും കാൽമുട്ടിനും പുറത്തും ഏൽക്കുന്ന പരിക്കുകളാണ് ഒരു പേസറുടെ ഏറ്റവും വലിയ വെല്ലുവിളികളെന്നും ശത്രുക്കൾക്ക് പോലും അത്തരം പരിക്കുകൾ നൽകരുതെന്നാണ് തൻ്റെ ആഗ്രഹമെന്നും ആമിർ പറഞ്ഞു.