ഇന്ത്യയുടെ ഒന്നാം നമ്പർ താരം സച്ചിനോ കോലിയോ അല്ല, അഞ്ച് മികച്ച ഇന്ത്യൻ താരങ്ങളെ തെരെഞ്ഞെടുത്ത് മോയിൻ അലി

അഭിറാം മനോഹർ| Last Modified വ്യാഴം, 11 ജനുവരി 2024 (19:39 IST)
സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിരാട് കോലിയുമെല്ലാം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റര്‍മാരുടെ ലിസ്റ്റില്‍പ്പെടുമെങ്കിലും ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരം ഇവരിലാരുമല്ലെന്ന് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മോയീന്‍ അലി. നായകനെന്ന നിലയില്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ എം എസ് ധോനിയാണ് ഇന്ത്യ കണ്ട എക്കാലത്തെയും വലിയ താരമെന്ന് മോയീന്‍ അലി പറയുന്നു.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച അഞ്ച് താരങ്ങളുടെ പട്ടികയില്‍ എം എസ് ധോനിയെയാണ് മോയിന്‍ അലി ഒന്നാമതായി തെരെഞ്ഞെടുത്തത്. വിരാട് കോലിയാണ് മോയിന്‍ അലിയുടെ ലിസ്റ്റിലെ രണ്ടാമത്തെ താരം. സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. വിരേന്ദര്‍ സെവാഗിനെയും യുവരാജ് സിംഗിനെയുമാണ് നാലമത്തെയും അഞ്ചാമത്തെയും താരമായി മോയിന്‍ അലി തിരെഞ്ഞെടുത്തത്.

ധോനി മഹാനായ കളിക്കാരനാണെന്നും എന്നാല്‍ അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ ആരാധകര്‍ മറന്നുപോകുകയാണെന്നും മോയിന്‍ അലി പറയുന്നു. നായകനെന്ന നിലയില്‍ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ കളിക്കാരനാണ് ധോനി. ബാറ്ററെന്ന നിലയും താരം മഹാനാണ്. സച്ചിനെ മൂന്നാമതാക്കുന്നത് വേദനിപ്പിക്കുന്നുണ്ടെങ്കിലും അതാണ് ശരിയെന്ന് തോന്നുന്നു. താന്‍ സച്ചിന്റെ പ്രകടനങ്ങള്‍ അധികം കണ്ടിട്ടില്ലെന്നും മോയിന്‍ അലി പറയുന്നു. അതേസമയം ബാറ്ററെന്ന നിലയില്‍ വിരേന്ദര്‍ സെവാഗാണ് തന്റെ ഫേവറേറ്റെന്ന് അലി പറയുന്നു. ടെസ്റ്റിലായാലും ഏകദിനത്തിലായാലും ടി20യിലായാലും ബൗളര്‍മാരെ നശിപ്പിക്കുന്നതാണ് സെവാഗിന്റെ ശൈലി. കരിയറില്‍ ആരെയെങ്കിലും പകര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അത് യുവരാജിനെയാണ്. ഫോമിലാണെങ്കില്‍ യുവരാജാണ് ഏറ്റവും മികച്ച താരമെന്നും മോയിന്‍ അലി അഭിപ്രായപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :