പാക് ക്രിക്കറ്റിൽ അപ്രതീക്ഷിതമായ നീക്കങ്ങൾ, മിസ്ബ ഉൾ ഹഖിന് പ്രത്യേക ചുമതല

അഭിറാം മനോഹർ| Last Modified ബുധന്‍, 26 ജൂലൈ 2023 (19:06 IST)
മുന്‍ പാക് നായകന്‍ മിസ്ബ ഉള്‍ ഹഖിനെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രത്യേക ഉപദേഷ്ടാവായി നിയമിച്ചു. പ്രതിഫലമേതുമില്ലാതെയാകും ചുമതല മിസ്ബാ ഏറ്റെടുക്കുന്നത്. പിസിബിയുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മിസ്ബാ വ്യക്തമാക്കി. അതേസമയം മുന്‍താരങ്ങളെ ഉള്‍പ്പെടുത്തി പുതിയൊരു ക്രിക്കറ്റ് കമ്മിറ്റിയെ കണ്ടെത്താന്‍ മിസ്ബാ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സഹായിക്കും.

പാകിസ്ഥാന്‍ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാനും സാങ്കേതിക തീരുമാനങ്ങള്‍ എടുക്കാനും മുന്‍ താരങ്ങളുടെ സേവനം ആവശ്യമാണെന്ന നിലപാടിലാണ് പിസിബി. 2019 മുതല്‍ 2021 വരെ പാകിസ്ഥാന്‍ ടീമിന്റെ മുഖ്യ കോച്ചും ചീഫ് സെലക്ടറുമായി മിസ്ബ സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2020ല്‍ ചീഫ് സെലക്ടര്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും 2021 വരെ പാക് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു. പാക് ടീമിന്റെ ഏറ്റവും മികച്ച ടെസ്റ്റ് നായകനായ മിസ്ബ 56 ടെസ്റ്റില്‍ ടീമിനെ 26 മത്സരങ്ങള്‍ വിജയത്തിലേക്ക് നയിച്ചു. ആകെ 75 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചതാരം 10 സെഞ്ചുറികളടക്കം 5222 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 162 ഏകദിനങ്ങളില്‍ നിന്നും 5122 റണ്‍സും 39 ടി20 മത്സരങ്ങളില്‍ നിന്നും 788 റണ്‍സും മിസ്ബ നേടിയിട്ടുണ്ട്. ഏകദിനത്തില്‍ ഒരു സെഞ്ചുറി കൂടിയില്ലാതെ പാകിസ്ഥാനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന അപൂര്‍വ്വ റെക്കോര്‍ഡും മിസ്ബയുടെ പേരിലാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :