ലണ്ടന്‍|
jibin|
Last Modified ചൊവ്വ, 7 ജൂലൈ 2015 (13:19 IST)
ടെസ്‌റ്റ് ക്രിക്കറ്റിലെ ഏറ്റവും വാശിയേറിയതും ചരിത്രമുള്ളതുമായ ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് ആഷസ് ടെസ്റ്റ് പരമ്പരയ്‌ക്ക് നാളെ കാര്‍ഡിഫില്‍ തുടക്കമാകും. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിനും ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കും നേര്‍ക്കുനേര്‍ വരുബോള്‍ കാര്‍ഡിഫിന് നാളെ തീ പിടിക്കും.
ലോകകപ്പിലെ തകര്‍ച്ചയ്‌ക്ക് ശേഷം തിരിച്ചുവരവിനൊരുങ്ങുന്ന ഇംഗ്ലണ്ടിനും ആധിപത്യം നിലനിര്‍ത്താനൊരുങ്ങുന്ന ഓസ്‌ട്രേലിയയ്ക്കും ആഷസ് നിര്‍ണായകമാണ്. കഴിഞ്ഞവര്‍ഷം ഓസ്‌ട്രേലിയയില്‍ സമ്പൂര്‍ണ്ണ തോല്‍വി ഏറ്റുവാങ്ങിയ ഇംഗ്ലണ്ട് സ്വന്തം നാട്ടില്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. കഴിഞ്ഞ തവണ ഓസ്ട്രേലിയയില്‍ നടന്ന പരമ്പര 5-0ത്തിന് സമ്പൂര്‍ണമായി അടിയറവെച്ച നാണക്കേട് തീര്‍ക്കാനാണ് കുക്കും സംഘവും ഇറങ്ങുന്നത്. സൂപ്പര്‍താരം കെവിന്‍ പീറ്റേഴ്‌സണ്‍ ടിമില്‍ ഇല്ലാത്തതും ആന്‍ഡ്രൂ സ്ട്രോസ് ഇംഗ്ളീഷ് ക്രിക്കറ്റ് ടീമിന്റെ ഡയറക്ടറായി വരുന്നതിന് ശേഷമുള്ളതുമായ ആദ്യത്തെ ആഷസ് പോരാട്ടമാണ് നടക്കാന്‍ പോകുന്നത്.
മറുവശത്ത് ഓസ്‌ട്രേലിയ പതിവുപോലെ ബാറ്റിംഗിലും ബോളിംഗിലും സംതുലിതമാണ്. നിലവിലെ സാഹചര്യങ്ങളില്‍ മത്സരത്തിന് മുമ്പ് ഓസീസിന് തന്നെയാണ് മുന്‍തൂക്കം കല്‍പിക്കപ്പെടുന്നത്.
മൈക്കല്‍ ക്ലാര്‍ക്കിനെ സംബന്ധിച്ചിടത്തോളം ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ തോല്‍പിക്കാനായാല്‍ അത് കരിയറിലെ മറ്റൊരു നാഴികക്കല്ലാവും. ബുധനാഴ്ച കാര്‍ഡിഫിലാണ് അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റ്.
ആഷസിലെ ഇതുവരെയുള്ള റെക്കോഡുകളില്‍ ഏതാണ്ട് ഒപ്പത്തിനൊപ്പമാണ് ഇരു ടീമുകളും. എങ്കിലും നേരിയ മുന്‍തൂക്കം ഓസ്ട്രേലിയക്കു തന്നെയാണ്. 68 പരമ്പരകളില്‍ 32 എണ്ണം ഓസ്ട്രേലിയ ജയിച്ചപ്പോള്‍ 31 എണ്ണം ഇംഗ്ലണ്ടും നേടി. അഞ്ചെണ്ണം സമനിലയില്‍ അവസാനിച്ചു. മൊത്തം 320 ടെസ്റ്റുകളില്‍ 128 എണ്ണവും ഓസ്ട്രേലിയ കൈപ്പിടിയിലൊതുക്കി. 103 എണ്ണത്തിലേ ഇംഗ്ലണ്ടിന് ജയിക്കാനായുള്ളൂ. എന്നാല്‍, സ്വന്തം മണ്ണില്‍ നടന്ന ആഷസിലെ 158 മത്സരങ്ങളില്‍ 47 മത്സരങ്ങള്‍ ജയിച്ച് നേരിയ മുന്‍തൂക്കം നേടാന്‍ ഇംഗ്ലണ്ടിനായിട്ടുണ്ട്. 46 എണ്ണം ഓസ്ട്രേലിയ ജയിച്ചപ്പോള്‍ 65 എണ്ണമാണ് സമനിലയില്‍ അവസാനിച്ചത്.