ഇന്ത്യയ്ക്ക് മറക്കാനാവുമോ ആ റണ്ണൗട്ട്, മാർട്ടിൻ ഗുപ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

Martin Guptill
അഭിറാം മനോഹർ| Last Modified വ്യാഴം, 9 ജനുവരി 2025 (12:38 IST)
Martin Guptill
ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്റ്റില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. 2009ല്‍ അന്താരാഷ്ട്ര കരിയര്‍ ആരംഭിച്ച താരം തന്റെ 38മത്തെ വയസിലാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നത്. ന്യൂസിലന്‍ഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വൈറ്റ്- ബോള്‍ ക്രിക്കറ്റ് താരങ്ങളിലൊരാളായാണ് ഗുപ്റ്റിലിനെ കണക്കാക്കുന്നത്. അതേസമയം ഇന്ത്യക്കാര്‍ ഇന്നും ഓര്‍ക്കുന്നത് 2019ലെ സെമി ഫൈനലില്‍ മഹേന്ദ്ര സിംഗ് ധോനിയെ റണ്ണൗട്ടാക്കിയ താരം എന്ന നിലയിലായിരിക്കും.

ന്യൂസിലന്‍ഡിനായി എല്ലാ ഫോര്‍മാറ്റുകളിലുമായി 367 മത്സരങ്ങള്‍ കളിച്ച ഗുപ്റ്റില്‍ 23 സെഞ്ചുറികള്‍ ഉള്‍പ്പടെ 12,000 റണ്‍സ് നേടിയിട്ടുണ്ട്. 2015ലെ ഏകദിന ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ വെസ്റ്റിന്‍ഡീസിനെതിരെ പുറത്താകാതെ നേടിയ 237 റണ്‍സാണ് ഏകദിനത്തിലെ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ലോകകപ്പിലെ ഒരു താരത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കൂടിയാണിത്.

122 ടി20 മത്സരങ്ങളില്‍ നിന്ന് 3531 റണ്‍സ് നേടിയിട്ടുണ്ട്. 2 സെഞ്ചുറികളും ടി20യില്‍ നേടാന്‍ താരത്തിനായി.198 ഏകദിനങ്ങളില്‍ നിന്നും 41.73 ശരാശരിയില്‍ 7346 റണ്‍സാണ് താരം നേടിയിട്ടുള്ളത്. 47 ടെസ്റ്റില്‍ 3 സെഞ്ചുറികളോടെ 2,586 റണ്‍സ് നേടിയിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :