ഓൻ ചരിത്രം ആവർത്തിക്കുകയാണല്ലോ, ഏകദിനത്തിലും കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി വന്ന് കസറി ലബുഷെയ്ൻ, ആവേശപോരാട്ടത്തിൽ ഓസീസിന് വിജയം

അഭിറാം മനോഹർ| Last Modified വെള്ളി, 8 സെപ്‌റ്റംബര്‍ 2023 (13:51 IST)
നിലവിലെ ക്രിക്കറ്റര്‍മാരില്‍ ടെസ്റ്റിലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയിലാണ് ഓസ്‌ട്രേലിയന്‍ താരമായ മാര്‍നസ് ലബുഷെയ്‌നിന്റെ സ്ഥാനം. ഇംഗ്ലണ്ടിനെതിരായ ആഷസ് ടെസ്റ്റ് പരമ്പരക്കിടെ ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിന് പരിക്കേറ്റതിനെ തുടര്‍ന്ന് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി വന്നിട്ടായിരുന്നു ടെസ്റ്റില്‍ ലബുഷെയ്ന്‍ മികവ് തെളിയിച്ചത്. കണ്‍കഷന്‍ സബായി എത്തി ടെസ്റ്റില്‍ ഓസീസിന്റെ പ്രധാനബാറ്ററായി മാര്‍നസ് ലബുഷെയ്ന്‍ വളര്‍ന്നു. ഇപ്പോഴിതാ ഏകദിനത്തിലെ മോശം പ്രകടനങ്ങള്‍ക്ക് താരം അറുതിയിട്ടിരിക്കുന്നത് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി തന്നെ.

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ ഓസീസ് തോല്‍വി മുന്നില്‍ കാണുമ്പോഴാണ് എട്ടാമനായി ഇറങ്ങി ലബുഷെയ്ന്‍ ഓസീസിന് അവിശ്വസനീയമായ വിജയം സമ്മാനിച്ചത്. 223 റന്‍സെന്ന താരതമ്യേന ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന് ഓസീസിന് 17മത് ഓവറില്‍ തന്നെ 7 വിക്കറ്റ് നഷ്ടമായിരുന്നു. 7 വിക്കറ്റിന് 113 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ കഗിസോ റബാദയുടെ പന്ത് തലയില്‍ കൊണ്ട് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ ക്രീസ് വിട്ടതോടെയാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ലബുഷെയ്ന്‍ ക്രീസിലെത്തിയത്. തുടര്‍ന്ന് ആഷ്ടണ്‍ ആഗറെ കൂട്ടുനിര്‍ത്തി എട്ടാം വിക്കറ്റില്‍ 113 റണ്‍സടിച്ച എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഓസീസിനെ തോല്‍വിയില്‍ നിന്നും രക്ഷിച്ചത്. ലബുഷെയ്ന്‍ 93 പന്തില്‍ 8 ബൗണ്ടറികളടക്കം 80 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ആഷ്ടണ്‍ ആഗര്‍ 69 പന്തില്‍ 48 റണ്‍സുമായി പുറത്താകാതെ നിന്നു. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ ഓസീസ് 10ന് മുന്നിലെത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :