ടെസ്റ്റിലെ തന്റെ 400 റണ്‍സ് നേട്ടം മറികടക്കാന്‍ 2 ഇന്ത്യന്‍ താരങ്ങള്‍ക്കാകും, പ്രവചനവുമായി ബ്രയന്‍ ലാറ

അഭിറാം മനോഹർ| Last Modified വ്യാഴം, 11 ജൂലൈ 2024 (20:07 IST)
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന നേട്ടം അനേകം വര്‍ഷങ്ങളായി സ്വന്തമാക്കിവെച്ചിട്ടുള്ള താരമാണ് വെസ്റ്റിന്‍ഡീസ് ഇതിഹാസ താരമായ ബ്രയാന്‍ ലാറ. 1994ലാണ് 375 റണ്‍സ് നേടി ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന നേട്ടം ബ്രയാന്‍ ലാറ ഗാരി സോബേഴ്‌സില്‍(365) നിന്നും സ്വന്തമാക്കിയത്. 10 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ റെക്കോര്‍ഡ് നേട്ടം 380 റണ്‍സ് നേടിയ ഓസീസ് താരം മാത്യു ഹെയ്ഡന്‍ തകര്‍ത്തെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ തന്നെ 400 റണ്‍സ് നേടി ലാറ ആ നേട്ടം തിരിച്ചുപിടിച്ചിരുന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍ 400 റണ്‍സ് നേടിയ ഏകതാരമെന്ന നേട്ടവും ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത നേട്ടമെന്ന റെക്കോര്‍ഡും കഴിഞ്ഞ 20 വര്‍ഷമായി ലാറയ്‌ക്കൊപ്പമാണ്. ഇപ്പോഴിതാ ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ ഈ നേട്ടം മറികടക്കാന്‍ സാധിക്കുന്ന താരങ്ങള്‍ ആരെല്ലാമാണെന്ന് വ്യക്തമാക്കുകയാണ് ബ്രയാന്‍ ലാറ. താന്‍ കളിച്ചിരുന്ന കാലത്തുണ്ടായിരുന്ന ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്, വിന്‍ഡീസ് ഓപ്പണര്‍ ക്രിസ് ഗെയ്ല്‍,പാക് താരം ഇന്‍സമാം ഉള്‍ ഹഖ്,ശ്രീലങ്കയുടെ സനത് ജയസൂര്യ എന്നീ താരങ്ങളെല്ലാം തന്റെ നേട്ടം തകര്‍ക്കാന്‍ പ്രാപ്തിയുള്ളവരായിരുന്നുവെന്ന് ലാറ പറയുന്നു.

ഇവരെല്ലാം തന്നെ 300 റണ്‍സ് മാര്‍ക്ക് മറികടന്നവരാണ്. 10 വര്‍ഷം മുന്‍പ് സച്ചിന്റെ 49 ഏകദിന സെഞ്ചുറികളെന്ന റെക്കോര്‍ഡ് ആരും തകര്‍ക്കില്ലെന്നാണ് കരുതിയത്. എന്റെ റെക്കോര്‍ഡ് നേട്ടവും അങ്ങനെയാകാം. നിലവിലെ താരങ്ങളില്‍ 2 ഇന്ത്യന്‍ താരങ്ങളെയും 2 ഇംഗ്ലണ്ട് താരങ്ങളെയുമാണ് തന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ സാധ്യതയുള്ളവരായി ബ്രയാന്‍ ലാറ കാണുന്നത്. ഇംഗ്ലണ്ടിന്റെ സാക് ക്രൗളി, ഹാരി ബ്രൂക്ക് എന്നിവരും ഇന്ത്യയുടെ യശ്വസി ജയ്‌സ്വാള്‍,ശുഭ്മാന്‍ ഗില്‍ എന്നീ താരങ്ങളും തന്റെ റെക്കോര്‍ഡ് തകര്‍ക്കന്‍ സാധ്യതയുള്ളവരായി ലാറ കരുതുന്നു. ക്ലാസിക് ശൈലിയില്‍ ബാറ്റ് ചെയ്യുന്നവരേക്കാള്‍ ആക്രമാത്മകമായി കളിക്കുന്ന താരങ്ങള്‍ക്കായിരിക്കും തന്റെ റെക്കോര്‍ഡ് തകര്‍ക്കുന്നത് എളുപ്പമാവുക എന്നാണ് ലാറ അഭിപ്രായപ്പെടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :