കൊല്‍ക്കത്ത|
Last Modified തിങ്കള്‍, 20 ഏപ്രില്‍ 2015 (17:29 IST)
ക്രിക്കറ്റ് ഗ്രൌണ്ടില്‍ വീണ്ടും ഒരു ദുരന്തം. കളിക്കിടെ ഗ്രൗണ്ടില്‍ സഹതാരവുമായി കൂട്ടിയിടിച്ച ബംഗാള്‍ ക്രിക്കറ്റ് താരം അങ്കിത് കേസരി മരണമടഞ്ഞു. ആബോധാവസ്ഥയിലായിരുന്ന അങ്കിത് മൂന്ന് ദിവസമായി ചികിത്സയിലായിരുന്നു.
കഴിഞ്ഞ 17 ആം തീയതി സാള്‍ട്ട് ലേക്ക് ഗ്രൗണ്ടില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍സ് സീനിയര്‍ നോക്കൗട്ട് മത്സരത്തിനിടെയാണ് അപകടമുണ്ടായത്. പ്രദേശിക ടീമുകളായ ഈസ്റ്റ് ബംഗാളും ഭോവാനിപൂര്‍ ക്ലബും തമ്മിലായിരുന്നു മത്സരം. കളിക്കിടെ ഒരു ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ബൗളറായ സൗരവ് മണ്ടലുമായി കൂട്ടിയിടിച്ച് അങ്കിതിന് പര്‍ക്കേല്‍ക്കുകയായിരുന്നു. അങ്കിതിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച അങ്കിതിന്റെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടായിരുന്നു. എന്നാല്‍ രാത്രി ഹൃദയസ്തംഭനമുണ്ടായതിനെത്തുടര്‍ന്ന് മരണമടയുകയായിരുന്നു.
ക്രിക്കറ്റിലേക്ക് ഭാവിയിലെ മികച്ച താരമായായിരുന്നു അങ്കിതിനെ കരുതിയിരുന്നത്. കൂച്ച് ബെഹാര്‍ ട്രോഫി മത്സരത്തില്‍ പശ്ചിമ ബംഗാളിനെ നയിച്ച അങ്കിത് കഴിഞ്ഞ വര്‍ഷം യു.എ.ഇയില്‍ നടന്ന അണ്ടര്‍ 19 മത്സരത്തില്‍ ഇന്ത്യയുടെ മുപ്പതംഗ സാധ്യത പട്ടികയിലും ഇടംനേടിയിരുന്നു. ബംഗാള്‍ എ ടീമിലും അംഗമായിരുന്നു.