അഭിറാം മനോഹർ|
Last Modified ബുധന്‍, 4 ഡിസംബര്‍ 2024 (19:29 IST)
പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയോട് തോറ്റതിനേക്കാള്‍ തന്നെ ഭയപ്പെടുത്തുന്നത് മറ്റൊരു കാര്യമാണെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ നായകനായ മൈക്കല്‍ ക്ലാര്‍ക്ക്. പെര്‍ത്ത് ടെസ്റ്റിലെ രണ്ടാം ഇന്നിങ്ങ്‌സില്‍ കോലി നേടിയ സെഞ്ചുറിയെയാണ് ഓസ്‌ട്രേലിയ ഭയക്കേണ്ടതെന്ന് ക്ലാര്‍ക്ക് ബിയോണ്ട് 23 പോഡ്കാസ്റ്റില്‍ പറഞ്ഞു.
പെര്‍ത്തില്‍ ഓസ്‌ട്രേലിയ തോറ്റുവെന്നത് ശരിയാണ്. പക്ഷേ ശരിക്കുമുള്ള പ്രശ്‌നം കോലി സെഞ്ചുറി നേടി എന്നതാണ്. അതാണ് എന്നെ ഏറ്റവും ഭയപ്പെടുത്തുന്നത്. ഈ പരമ്പരയില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് എടുക്കാന്‍ പോവുന്നത് കോലിയായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ത്യക്കെതിരെ അഡലെയ്ഡില്‍ ഓസ്‌ട്രേലിയക്കായി ടോപ് സ്‌കോററാവുക സ്റ്റീവ് സ്മിത്തായിരിക്കും. ക്ലാര്‍ക്ക് പറഞ്ഞു.
ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയില്‍ വെച്ച് നടന്ന 3 ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ വെറും 93 റണ്‍സ് മാത്രമായിരുന്നു കോലി നേടിയത്. പെര്‍ത്ത് ടെസ്റ്റിലെ ആദ്യ ഇന്നിങ്ങ്‌സില്‍ 5 റണ്‍സിന് പുറത്തായ കോലി രണ്ടാം ഇന്നിങ്ങ്‌സിലാണ് സെഞ്ചുറിയുമായി തിളങ്ങിയത്. വെള്ളിയാഴ്ചയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് അഡലെയ്ഡില്‍ തുടങ്ങുന്നത്.