ഗംഭീറിന്റെ നിയമനം; കോലിയെ ബിസിസിഐ അറിയിച്ചില്ലെന്ന് റിപ്പോര്‍ട്ട്

രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുമായി സംസാരിച്ച ശേഷം മാത്രമേ ഗംഭീറിനെ പരിശീലകനായി ബിസിസിഐ പ്രഖ്യാപിക്കൂ എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

രേണുക വേണു| Last Modified വ്യാഴം, 11 ജൂലൈ 2024 (19:29 IST)

ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ബിസിസിഐ ഗൗതം ഗംഭീറിനെ നിയമിച്ചത് സീനിയര്‍ താരം വിരാട് കോലിയെ അറിയിക്കാതെയെന്ന് റിപ്പോര്‍ട്ട്. ഗംഭീറിന്റെ നിയമനം പരസ്യമാക്കുന്നതിനു മുന്‍പ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ഉപനായകന്‍ ഹാര്‍ദിക് പാണ്ഡ്യയുമായി ബിസിസിഐ ഉപദേശക സമിതി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മുതിര്‍ന്ന താരമെന്ന പരിഗണന നല്‍കി കോലിയെ ഈ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയില്ലെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുമായി സംസാരിച്ച ശേഷം മാത്രമേ ഗംഭീറിനെ പരിശീലകനായി ബിസിസിഐ പ്രഖ്യാപിക്കൂ എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വിരാട് കോലിയുമായി ബിസിസിഐ നേതൃത്വമോ ഉപദേശക സമിതിയോ ചര്‍ച്ചകള്‍ നടത്തുകയോ അഭിപ്രായങ്ങള്‍ ആരായുകയോ ചെയ്തിട്ടില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

ബുധനാഴ്ചയാണ് ഇന്ത്യയുടെ മുഖ്യ പരിശീലകനായി ബിസിസിഐ ഗംഭീറിനെ നിയോഗിച്ചത്. ഇന്ത്യന്‍ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ വേണ്ടി ഐപിഎല്ലിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉപദേഷ്ടാവ് സ്ഥാനം ഗംഭീര്‍ ഒഴിഞ്ഞു. മൂന്ന് വര്‍ഷത്തെ കരാറിലാണ് ഗംഭീറിനെ ബിസിസിഐ നിയോഗിച്ചിരിക്കുന്നത്. സപ്പോര്‍ട്ടിങ് സ്റ്റാഫിലും മാറ്റങ്ങള്‍ ഉണ്ടാകും. ഗംഭീറിന്റെ താല്‍പര്യങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും ബിസിസിഐ സപ്പോര്‍ട്ടിങ് സ്റ്റാഫുകളെ തിരഞ്ഞെടുക്കുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :