മൂന്നാം ട്വന്റി 20: സിംബാബ്വെയെ 23 റണ്‍സിനു തോല്‍പ്പിച്ച് ഇന്ത്യ

ടോസ് ലഭിച്ച് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഓപ്പണര്‍മാരായ യഷസ്വി ജയ്‌സ്വാളും (27 പന്തില്‍ 36), ശുഭ്മാന്‍ ഗില്ലും (49 പന്തില്‍ 66) മികച്ച തുടക്കമാണ് നല്‍കിയത്

India
രേണുക വേണു| Last Modified ബുധന്‍, 10 ജൂലൈ 2024 (20:16 IST)
India

സിംബാബ്വെയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 യില്‍ ഇന്ത്യക്ക് ജയം. ആതിഥേയരെ 23 റണ്‍സിനാണ് ഇന്ത്യ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ സിംബാബ്വെ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് മാത്രമാണ് നേടിയത്. വാഷിങ്ടണ്‍ സുന്ദറാണ് കളിയിലെ താരം. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1 ന് ഇന്ത്യ ലീഡ് സ്വന്തമാക്കി.

ടോസ് ലഭിച്ച് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഓപ്പണര്‍മാരായ യഷസ്വി ജയ്‌സ്വാളും (27 പന്തില്‍ 36), ശുഭ്മാന്‍ ഗില്ലും (49 പന്തില്‍ 66) മികച്ച തുടക്കമാണ് നല്‍കിയത്. ഏഴ് ഫോറും മൂന്ന് സിക്‌സും അടങ്ങിയതാണ് ഗില്ലിന്റെ ഇന്നിങ്‌സ്. ഋതുരാജ് ഗെയ്ക്വാദ് 28 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 49 റണ്‍സിന് പുറത്തായി. മലയാളി താരം സഞ്ജു സാംസണ്‍ ഏഴ് പന്തില്‍ 12 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. അഞ്ചാമനായാണ് സഞ്ജു ക്രീസിലെത്തിയത്.

മറുപടി ബാറ്റിങ്ങില്‍ ദിയോണ്‍ മയേഴ്‌സ് 49 പന്തില്‍ പുറത്താകാതെ 65 റണ്‍സ് നേടി സിംബാബ്വെയ്ക്കായി പൊരുതി നോക്കിയെങ്കിലും ഫലം കണ്ടില്ല. വാഷിങ്ടണ്‍ സുന്ദര്‍ നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ആവേശ് ഖാന് രണ്ടും ഖലീല്‍ അഹമ്മദിന് ഒരു വിക്കറ്റും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :