അഭിറാം മനോഹർ|
Last Modified വെള്ളി, 26 മാര്‍ച്ച് 2021 (14:45 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ കളിക്കാനിറങ്ങുമ്പോൾ ഒരു പുതിയ റെക്കോർഡ് കൂടി സ്വന്തം പേരിലാക്കാനായിരിക്കും ഇന്ത്യൻ നായകൻ വിരാട് കോലി കളിക്കളത്തിലിറങ്ങുന്നത്. 2019 നവംബറിന് ശേഷം സെഞ്ചുറി സ്വന്തമാക്കാൻ സാധിച്ചില്ലെങ്കിലും റെക്കോർഡുകൾ സ്വന്തമാക്കുന്ന ശീലം കോലി ഇതുവരെയും ഉപേക്ഷിച്ചിട്ടില്ല.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ 41 റൺസ് സ്വന്തമാക്കാനായാൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കുന്ന നായകൻ എന്ന ദക്ഷിണാഫ്രിക്കൻ മുൻ നായകൻ ഗ്രെയിം സ്മിത്തിന്റെ റെക്കോർഡ് തകർക്കാൻ കോലിക്കാവും. ക്യാപ്‌റ്റനായി കളിച്ച 93 ഏകദിനങ്ങളിൽ 5376 റൺസാണ് കോലി സ്വന്തമാക്കിയിട്ടുള്ളത്.
41 റൺസ് സ്വന്തമാക്കാനായാൽ നിലവിൽ നായകനെന്ന നിലയിൽ ഏറ്റവും റൺസ് നേടിയവരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയരാൻ കോലിക്കാവും. 150 ഏകദിനങ്ങളിൽ നിന്നും 5416 റൺസ് നേടിയ ഗ്രെയിം സ്മിത്തിനെയാകും കോലി മറികടക്കുക. 234 ഏകദിന മത്സരങ്ങളിൽ ക്യാപ്‌റ്റനായി കളിച്ച് 8497 റൺസ് സ്വന്തമാക്കിയ ഓസീസ് നായകൻ റിക്കി പോണ്ടിങ്ങാണ് പട്ടികയിൽ ഒന്നാമതുള്ളത്. 200 ഏകദിനങ്ങളിൽ നായകനായി 6641 റൺസ് സ്വന്തമാക്കിയ എംഎസ് ധോണിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്.