അഭിറാം മനോഹർ|
Last Modified ബുധന്‍, 25 സെപ്‌റ്റംബര്‍ 2024 (17:04 IST)
ലിമിറ്റഡ് ഓവറിലെ ഏറ്റവും മികച്ച താരമാണെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ സമീപകാലത്തായി മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിയ്കായിട്ടില്ല. ഇക്കഴിഞ്ഞ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കോലി നടത്തിയത്. ഇപ്പോഴിതാ ടെസ്റ്റ് ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് നേട്ടം മറികടക്കാന്‍ കോലിയ്ക്ക് സാധിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ സ്പിന്നറായ ബ്രാഡ് ഹോഗ്.
യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ സാധ്യതയുള്ള കളിക്കാരന്‍ ഇംഗ്ലണ്ട് താരമായ ജോ റൂട്ട് ആണെന്നാണ് ബ്രാഡ് ഹോഗ് വ്യക്തമാക്കുന്നത്. 200 ടെസ്റ്റുകളില്‍ നിന്നും 15,921 റണ്‍സാണ് ടെസ്റ്റില്‍ ഇതിഹാസ താരമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലുള്ളത്. നിലവില്‍ 33 കാരനായ ജോ റൂട്ടിന് 146 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 12,402 റണ്‍സാണുള്ളത്. നവംബറില്‍ 36 വയസ് തികയുന്ന കോലിയ്ക്ക് 114 ടെസ്റ്റുകളില്‍ നിന്നും 8871 റണ്‍സാണുള്ളത്.
നിലവിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ കോലി ആ നാഴികകല്ലിലേക്ക് എത്തില്ലെന്നാണ് കരുതുന്നത്. കോലിയ്ക്ക് തന്റെ മൊമന്റം നഷ്ടമായിരിക്കുന്നു. അത് ഇപ്പോള്‍ നഷ്ടമായതല്ല. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കൈമോശം വന്നിരിക്കുന്നു.അതിനാല്‍ തന്നെ സച്ചിനെ മറികടക്കാന്‍ കോലിയ്ക്കാകുമെന്ന് തോന്നുന്നില്ല.
2024ല്‍ ടെസ്റ്റില്‍ 17 ഇന്നിങ്ങ്‌സില്‍ 319 റണ്‍സ് മാത്രമാണ് കോലി നേടിയിട്ടുള്ളത്. എന്നാല്‍ 20 ടെസ്റ്റ് ഇന്നിങ്ങ്‌സില്‍ നിന്നും റൂട്ട് നേടിയത് 986 റണ്‍സാണ്. റൂട്ടിന് 146 മത്സരങ്ങളില്‍ 12,000 റണ്‍സുണ്ട്. സച്ചിന്‍ 15,921 റണ്‍സ് നേടിയത് 200 മത്സരങ്ങളില്‍ നിന്നാണ്. 66 ടെസ്റ്റുകളില്‍ നിന്നും 4000 റണ്‍സ് കൂടി സ്വന്തമാക്കാന്‍ റൂട്ടിന് സാധിക്കും. ഹോഗ് വ്യക്തമാക്കി.