വിരാട് കോലി ഈ തലമുറയിലെ ഇതിഹാസമാണ്, വെറുതെ ബാബറുമായി താരതമ്യം ചെയ്യരുത്: അഹ്മദ് ഷെഹ്സാദ്

Virat Kohli - India
Virat Kohli - India
അഭിറാം മനോഹർ| Last Modified ചൊവ്വ, 2 ജൂലൈ 2024 (18:56 IST)
ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിയെ പാകിസ്ഥാന്‍ ബാറ്റര്‍ ബാബര്‍ അസമുമായി താരതമ്യം ചെയ്യരുതെന്ന് വ്യക്തമാക്കി പാകിസ്ഥാന്‍ മുന്‍ താരമായ അഹ്മദ് ഷെഹ്‌സാദ്. കോലി ഈ തലമുറയിലെ ഏറ്റവും മികച്ച താരമാണെന്നും ബാബര്‍ എന്നല്ല മറ്റാരുമായും കോലിയെ താരതമ്യം ചെയ്യാനാകില്ലെന്നും ഷെഹ്‌സാദ് വ്യക്തമാക്കി. ടി20 ലോകകപ്പ് ഫൈനലിലെ കോലിയുടെ പ്രകടനത്തിന് പിന്നാലെയാണ് ഷെഹ്‌സാദിന്റെ പ്രതികരണം.


ഫൈനല്‍ മത്സരത്തില്‍ 59 പന്തില്‍ 76 റണ്‍സുമായി തിളങ്ങിയ കോലിയായിരുന്നു ഇന്ത്യയുടെ വിജയശില്പി. ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ പരാജയപ്പെട്ട മത്സരത്തില്‍ ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത് കോലിയുടെ പ്രകടനമായിരുന്നു. ടി20 ലോകകപ്പ് നേട്ടത്തോടെ ടി20 ക്രിക്കറ്റില്‍ നിന്നും വിരമിച്ച കോലി 48.69 ശരാശരിയില്‍ 4188 റണ്‍സാണ് നേടിയിട്ടുള്ളത്.


കോലി ഈ തലമുറയിലെ ഇതിഹാസമാണ്. ഓരോ തവണ ക്രീസിലെത്തുമ്പോഴും ഒരു പഴയ അതേ ആവേശം കോലിയില്‍ കാണാനാകും. ടി20യില്‍ അദ്ദേഹത്തിന്റെ അഭാവം പരിഹരിക്കുക ഇന്ത്യയ്ക് ബുദ്ധിമുട്ടാകും. ബാബറിനെയല്ല ഒരു താരത്തെയും കോലിയുമായി താരതമ്യം ചെയ്യരുത്. ഫൈനല്‍ മത്സരത്തില്‍ ഒരൊറ്റ താരവും മുന്നില്‍ നില്‍ക്കാന്‍ തയ്യാറായപ്പോള്‍ കോലിയാണ് ആ ഉത്തരവാദിത്വം ഏറ്റെടുത്തത്. ഷെഹ്‌സാദ് പറഞ്ഞു. ലോകകപ്പില്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങളില്‍ ആകെ 75 റണ്‍സ് മാത്രമായിരുന്നു കോലി നേടിയിരുന്നത്. എന്നാല്‍ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ 34ന് 3 എന്ന നിലയില്‍ തകര്‍ന്ന സമയത്ത് ടീമിനെ കരപിടിച്ചുയര്‍ത്തിയത് കോലിയുടെ 76 റണ്‍സ് പ്രകടനമായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :