അഡലെയ്‌ഡിൽ കോലിയെ കാത്തിരിക്കുന്നത് വമ്പൻ നേട്ടം, പോണ്ടിങ്ങിനെ മറിക‌ടക്കാൻ അവസരം

അഭിറാം മനോഹർ| Last Modified ചൊവ്വ, 15 ഡിസം‌ബര്‍ 2020 (20:10 IST)
ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര 17ന് ആരംഭിക്കുകയാണ്. അഡലെയ്‌ഡിൽ ഡെ നൈറ്റ് ആയാണ് ആദ്യ മത്സരം ആരംഭിക്കുന്നത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ആദ്യ ടെസ്റ്റ് മത്സരത്തിന് ശേഷം കോലി നാട്ടിലേക്ക് മടങ്ങുന്നതിനാൽ ജയത്തോടെ തുടങ്ങാനാകും ഇന്ത്യ ലക്ഷ്യമിടുന്നത്.എന്നാൽ അതിനൊപ്പം തന്നെ മറ്റൊരു നേട്ടവും ഇന്ത്യൻ നായകനെ കാത്ത് അഡലെയ്ഡിൽ കാത്തിരിപ്പുണ്ട്.

അഡലെയ്‌ഡിൽ നടക്കുന്ന ഒന്നാം ടെസ്റ്റ് മത്സരത്തിൽ സെഞ്ചുറി നേടാനായാൽ ഓസീസ് മുൻ നായകനായ റിക്കി പോണ്ടിങ്ങിനെ മറികടന്ന് ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ നായകനെന്ന റെക്കോഡ് സ്വന്തമാക്കാന്‍ കോലിക്കാവും.നിലവിൽ രണ്ട് പേർക്കും 41 സെഞ്ചുറികളാണുള്ളത്. 33 സെഞ്ചുറികളുമായി മുൻ ദക്ഷിണാഫ്രിക്കൻ താരം ഗ്രെയിം സ്മിത്താണ് മൂന്നാമതുള്ളത്.ഓസീസ് ടീമിന്റെ നായകനായിരുന്ന സ്റ്റീവ് സ്മിത്ത് 20 സെഞ്ച്വറിയുമായി നാലാം സ്ഥാനത്താണ്.

അതേസമയം 2020ൽ ഇതുവരെ ഒരു സെഞ്ചുറി കൂടി സ്വന്തമാക്കാൻ ഇന്ത്യൻ നായകനായിട്ടില്ല എന്നത് കണക്കിലെടുക്കുമ്പോൾ 2020ൽ കോലിക്ക് സെഞ്ചുറി നേടാനുള്ള അവസാന അവസരമാകും അഡലെയ്‌ഡ് ടെസ്റ്റ്. 2008ന് ശേഷം ഇതാദ്യമായാണ് കോലിയുടെ ഒരു വർഷം സെഞ്ചുറികളില്ലാതെ കടന്നുപോകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :