അഭിറാം മനോഹർ|
Last Updated:
വ്യാഴം, 6 ഫെബ്രുവരി 2020 (16:52 IST)
ന്യൂസിലൻഡിനെതിരായ മത്സരത്തിൽ അപ്രതീക്ഷിതമായ തോൽവിയായിരുന്നു ഇന്ത്യ നേരിട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 347/4 എന്ന കൂറ്റൻ സ്കോർ സ്വന്തമാക്കിയപ്പോൾ മത്സരം അനായാസമായി ഇന്ത്യ തന്നെ ജയിക്കുമെന്നായിരുന്നു ആരാധകരും കരുതിയിരുന്നത്. എന്നാൽ അതികം പ്രയാസപ്പെടാതെ തന്നെ കിവീസ് ഇന്ത്യയിൽ നിന്നും മത്സരം പിടിച്ചെടുത്തു. മത്സരത്തിൽ ന്യൂസിലൻഡ് താരം റോസ് ടെയ്‌ലർ നേടിയ സെഞ്ച്വറിയും നായകൻ ടോം ലാഥത്തിന്റെ ഇന്നിങ്സുമാണ് വിജയം ഇന്ത്യയിൽ നിന്നും അകറ്റിയത്. ഇപ്പോഴിതാ ഇന്ത്യയുടെ പരാജയത്തിന്റെ കാരണം എന്തെന്ന് ചൂണ്ടികാണിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ നായകനായ വിരാട് കോലി.
മത്സരത്തിന് ശേഷം ന്യൂസിലൻഡിന്റെ പ്രകടനത്തെ അഭിനന്ദിച്ച കോലി ടോം ലാഥത്തിന്റെ വെടിക്കെട്ട് ഇന്നിങ്സാണ് മത്സരത്തെ ഇന്ത്യയുടെ കയ്യിൽ നിന്നും തട്ടിയെടുത്തതെന്ന് പറഞ്ഞു. ഒന്നാന്തരം പ്രകടനമാണ് ന്യൂസിലൻഡ് കാഴ്ച്ചവെച്ചത്. ഞങ്ങൾ നേടിയ 347 റൺസ് കളി ജയിക്കാൻ മതിയാകുമെന്നാണ് കരുതിയിരുന്നത്. പ്രത്യേകിച്ചും ബൗളിങിലും മികച്ച തുടക്കം തന്നെ ലഭിച്ചപ്പോൾ എന്നാൽ ടോം ലാഥമിന്റെ ഉജ്ജ്വലമായ ഇന്നിങ്സ് മത്സരം ഇന്ത്യയിൽ നിന്നും തട്ടിയെടുക്കുകയായിരുന്നു കോലി പറഞ്ഞു.
അതേസമയം റോസ് ടെയ്‌ലറുടെയും ഹെൻറി നിക്കോൾസിന്റെയും ടോം ലാഥത്തിന്റെയും പ്രകടനമാണ് മത്സരത്തിൽ നിർണായകമായത്. നിക്കോളാസ് 78 റൺസ് നേടിയപ്പോൾ ടോം ലാഥം 48 പന്തിൽ 8 ഫോറുകളും 2 സിക്സറുകളുമടക്കം 69 റൺസ് നേടി. 109 റൺസെടുത്ത റോസ് ടെയ്‌ലർ മത്സരത്തിൽ പുറത്താകാതെ നിന്നു.