അഭിറാം മനോഹർ|
Last Updated:
തിങ്കള്‍, 22 ജനുവരി 2024 (13:25 IST)
ഏകദിനത്തിലും ടി20യിലും തന്റെ പതിവ് ശൈലി വിട്ട് ആക്രമണോത്സുകമായ തുടക്കമാണ് കഴിഞ്ഞ ഒരു വര്‍ഷക്കാലമായി രോഹിത് ശര്‍മ നല്‍കുന്നത്. ക്രീസില്‍ ഉറച്ചതിന് ശേഷം ആക്രമണത്തിലേയ്ക്ക് കടക്കുക എന്ന തന്റെ സ്ഥിരം ശൈലി പൊളിച്ചെഴുതിയാണ് രോഹിത് തന്റെ പുതിയ വേര്‍ഷനിലേയ്ക്ക് കടന്നത്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിലും അടുത്തിടെ സമാപിച്ച അഫ്ഗാനെതിരായ ടി20 പരമ്പരയിലും മികച്ച പ്രകടനമാണ് ഈ ശൈലി കൊണ്ട് രോഹിത് നടത്തിയത്. എന്നാല്‍ രോഹിത് ചെയ്യുന്നത് കണ്ട് കോലിയും അത് പിന്തുടര്‍ന്നാല്‍ അത് വലിയ അബദ്ധമാകുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരമായ കൃഷ്ണമാചാരി ശ്രീകാന്ത്.
ഓരോ കളിക്കാരനും അവരവരുടേതായ ശൈലിയുണ്ട്. ഓരോരുത്തരും അതാണ് പിന്തുടരേണ്ടത്. രോഹിത്തിനും ജയ്‌സ്വാളിനും ആദ്യ പന്ത് മുതല്‍ തന്നെ ആക്രമിച്ച് കളിക്കാന്‍ സാധിക്കും. ഇത് കണ്ട് വിരാട് കോലി ആദ്യ പന്ത് മുതല്‍ അഗ്രസീവ് ആവണമെന്നില്ല. കോലി തന്റെ സ്വാഭാവികമായ ശൈലിയില്‍ തന്നെ സമയമെടുത്ത് കളിച്ചാല്‍ മതി.അവസാന ഘട്ടത്തില്‍ റണ്ണൊഴുക്ക് കൂട്ടാനും സിക്‌സറുകള്‍ നേടാനും കോലിയ്ക്ക് സാധിക്കും. ശ്രീകാന്ത് പറഞ്ഞു.
അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ കോലിയും തന്റെ ബാറ്റിംഗ് ശൈലി മാറ്റുന്നതിന്റെ സൂചന നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീകാന്തിന്റെ ഉപദേശം. ആദ്യ ടി20 മത്സരം വ്യക്തിപരമായ കാരണങ്ങളാല്‍ കളിക്കാതിരുന്ന കോലി അടുത്ത മത്സരത്തില്‍ 16 പന്തില്‍ 29 റണ്‍സാണ് നേടിയത്. മൂന്നാം ടി20യില്‍ ആദ്യപന്ത് തന്നെ അടിച്ചകറ്റാനുള്ള ശ്രമത്തില്‍ താരം ഗോള്‍ഡന്‍ ഡക്കാവുകയായിരുന്നു.