അഭിറാം മനോഹർ|
Last Modified ശനി, 23 നവംബര്‍ 2019 (10:06 IST)
ഇന്ത്യൻ മണ്ണിൽ നടക്കുന്ന ആദ്യ പിങ്ക് ബോൾ ടെസ്റ്റ് എന്ന ചരിത്രമത്സരത്തിൽ മറ്റൊരു ചരിത്രനേട്ടം കുറിച്ച് ഇന്ത്യൻ
നായകൻ വിരാട് കോലി. നായകനെന്ന നിലയിൽ ആദ്യമായി 5000 റൺസ് പിന്നിടുന്ന ഇന്ത്യൻ നായകൻ എന്ന റെക്കോഡാണ് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിൽ കോലി സ്വന്തമാക്കിയത്.
ക്യാപ്റ്റനെന്ന നിലയിൽ തന്റെ 53മത് മത്സരത്തിൽ സ്കോർ 32 റൺസിൽ എത്തിയപ്പോളാണ് കോലി ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. മത്സരം ആരംഭിക്കുന്നതിന് മുൻപ് ക്യാപ്റ്റനെന്ന നിലയിൽ 4968 റൺസാണ് കോലിയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നത്. ഇതോടെ
അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനെന്ന നിലയിൽ 5000 റൺസ് സ്വന്തമാക്കുന്ന ആറാമത്തെ മാത്രം താരമെന്ന റെക്കോഡും കോലിക്ക് സ്വന്തമായി.
നേരത്തെ ബംഗ്ലാദേശിനെ വെറും 106 റൺസിന് പുറത്താക്കിയ ഇന്ത്യക്ക് മറുപടി ബാറ്റിങ്ങിനിറങ്ങിയപ്പോൾ സ്കോർബോർഡ് 43 എത്തുമ്പോൾ തന്നെ രണ്ട് ഓപ്പണിങ് ബാറ്റ്സ്മാന്മാരെയും നഷ്ടമായിരുന്നു. മായങ്ക് അഗർവാൾ(14),രോഹിത് ശർമ (21) എന്നിവരാണ് പുറത്തായ ബാറ്റ്സ്മാന്മാർ. തുടർന്ന് പൂജാരയും വിരാട് കോലിയും ചേർന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുക്കെട്ടാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. പൂജാരയും കോലിയും ചേർന്നുള്ള മൂന്നം വിക്കറ്റ് കൂട്ടുക്കെട്ട് 94 റൺസ് നേടി. ഇതിൽ 55 റൺസാണ് പൂജാരയുടെ സംഭാവന.
മത്സരത്തിൽ ഇന്ത്യൻ നായകൻ നാലാമനായി കളിക്കാനിറങ്ങിയ മുതൽ മികച്ച ഫോമിലായിരുന്നു. കഴിഞ്ഞ മത്സരത്തിലെ പൂജ്യത്തിന് പുറത്തായ പ്രകടനം തന്നെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് തെളിയിച്ചുകൊണ്ട് ഇന്ത്യൻ നായകൻ കൃത്യമായ ഇടവേളകളിൽ ബൗണ്ടറികൾ കണ്ടെത്തി ഇന്ത്യയുടെ സ്കോറിങ് വേഗത ഉയർത്തി. 8 ബൗണ്ടറികളോടെ 59 റൺസെടുത്ത കോലിയും 23 റൺസെടുത്ത അജിങ്ക്യാ രഹാനെയുമാണ് രണ്ടാം ദിനം ആരംഭിക്കുമ്പോൾ ക്രീസിലുള്ളത്.