അഭിറാം മനോഹർ|
Last Updated:
വെള്ളി, 22 നവംബര്‍ 2019 (16:26 IST)
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ചരിത്ര പ്രാധാന്യമുള്ള മത്സരത്തിൽ ഇന്ന് ഈഡനിൽ താരങ്ങളായത് രണ്ട് പേരാണ്. ഒന്നാമത് മത്സരം തുടങ്ങും മുൻപ് തന്നെ ചർച്ചാവിഷയമായ
പിങ്ക് ബോൾ ആണെങ്കിൽ രണ്ടാമത് നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്ന് ഇന്ത്യൻ നായകൻ വിരാട് കോലി വിശേഷിപ്പിച്ച ഇന്ത്യൻ
വിക്കറ്റ് കീപ്പർ വ്രുദ്ധിമാൻ സാഹയാണ്.
പിങ്ക് ബോൾ കൊണ്ട് ഇന്ത്യ ആദ്യമായി കളിക്കുന്ന മത്സരത്തിൽ ബൗളർമാരുടെയും ബാറ്റ്സ്മാന്മാരുടെയും പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് പന്തുകൾ അപ്രതീക്ഷിത ടേണിൽ വിക്കറ്റിന്റെ ഇരുവശങ്ങളിലേക്കും പറന്നപ്പോൾ പന്തിന്റെ ദിശ ക്രുത്യമായി ഗണിച്ച് സാഹ എല്ലായിപ്പോഴും വിക്കറ്റിന് പിന്നിൽ നിൽപ്പുണ്ടായിരുന്നു. മുഴുനീളൻ ഡ്രൈവുകളിലൂടെയും അപ്രതീക്ഷിത സേവുകളിലൂടെയും ഇന്ത്യൻ വിക്കറ്റ് കീപ്പർ അക്ഷരാർത്ഥത്തിൽ കളം ഭരിച്ചു. സ്ലിപ്പിലൂടെ ബൗണ്ടറി ലക്ഷ്യം വെച്ച് നീങ്ങിയിരുന്ന പല പന്തുകളെയും സാഹ രക്ഷിച്ചെടുക്കുകയും ചെയ്തു.
എന്നാൽ തടഞ്ഞിട്ട റൺസുകൾ മാത്രമല്ല കാണികളെ മൊത്തം അമ്പരപ്പിച്ചുകൊണ്ട് ഒരു മാസ്മരീകമായ ക്യാച്ചും മത്സരത്തിൽ സാഹ സ്വന്തമാക്കി. കളിയുടെ 20മത് ഓവറിലെ നാലാം പന്തിലായിരുന്നു സാഹയുടെ സൂപ്പർ ക്യാച്ച്.
ക്രീസിൽ ബാറ്റ് ചെയ്യുന്നത് ബംഗ്ലാദേശിനെ പല അപകടകരമായ ഘട്ടത്തിലും കരകയറ്റിയിട്ടുള്ള മുഹമ്മദുള്ള. ഇഷാന്ത് ശർമ എറിഞ്ഞ പന്ത് മുഹമ്മദുള്ളയുടെ ബാറ്റിന്റെ അരികിൽ തട്ടിയുരുമ്മി സ്ലിപ്പിലേക്ക് പറന്ന പന്ത് സാഹ വലത് വശത്തേക്കുള്ള മുഴുനീളൻ ഡൈവിലൂടെ കയ്യിലൊതുക്കി ഗ്രൗണ്ടിലേക്ക് വീഴുകയായിരുന്നു. സ്ലിപ്പിൽ തൊട്ടുപിന്നിൽ നിന്നിരുന്ന നായകൻ വിരാട് കോലിയേയും ബംഗ്ലാദേശ് ബാറ്റ്സ്മാനെയും ഒപ്പം ഈഡനിലെ കാണികളെയും മൊത്തം സ്തബ്ധരാക്കിയ പ്രകടനമായിരുന്നു അത്.