രേണുക വേണു|
Last Modified വെള്ളി, 27 ഡിസംബര്‍ 2024 (10:21 IST)
KL Rahul vs Nathan Lyon: മെല്‍ബണ്‍ ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യന്‍ താരം കെ.എല്‍.രാഹുലിനെ സ്ലെഡ്ജ് ചെയ്ത് ഓസീസ് സ്പിന്നര്‍ നഥാന്‍ ലിന്‍. രാഹുല്‍ ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ ആയിരുന്നു ലിന്നിന്റെ പരിഹാസം. 'വണ്‍ഡൗണ്‍ ഇറക്കാന്‍ മാത്രം എന്ത് തെറ്റാണ് നീ ചെയ്തത്' എന്നായിരുന്നു രാഹുലിനെ നോക്കി ലിന്‍ ചിരിച്ചുകൊണ്ട് ചോദിച്ചത്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ കഴിഞ്ഞ മൂന്ന് ടെസ്റ്റിലും രാഹുലാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. എന്നാല്‍ മെല്‍ബണ്‍ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ രാഹുല്‍ വണ്‍ഡൗണ്‍ ആയാണ് ക്രീസിലെത്തിയത്. നായകന്‍ രോഹിത് ശര്‍മ യശസ്വി ജയ്‌സ്വാളിനൊപ്പം ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തു. രോഹിത്തിനു വേണ്ടി രാഹുല്‍ ഓപ്പണിങ്ങില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് നഥാന്‍ ലിന്നിന്റെ പരിഹാസം.
അതേസമയം ലിന്‍ സ്ലെഡ്ജ് ചെയ്‌തെങ്കിലും രാഹുല്‍ കാര്യമായൊന്നും പ്രതികരിച്ചില്ല. മികച്ച ഫോമില്‍ ബാറ്റിങ് ആരംഭിച്ച താരം 42 പന്തുകള്‍ നേരിട്ട് 24 റണ്‍സെടുത്ത് പുറത്താകുകയും ചെയ്തു. ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ ഓവറില്‍ ബൗള്‍ഡ് ആകുകയായിരുന്നു രാഹുല്‍. ഓപ്പണറായി ബാറ്റ് ചെയ്യാനെത്തിയ രോഹിത് ആകട്ടെ അഞ്ച് പന്തില്‍ മൂന്ന് റണ്‍സെടുത്ത് പുറത്തായി.